തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കെ സന്നിധാനത്തെത്തുന്ന ഭക്തരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പങ്കുവച്ച് ദുരന്ത നിവാരണ വിദഗ്‌ദ്ധനായ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വൈറലാകുന്നു. പൊലീസും ഭക്തരും നേർക്ക് നേർ നിൽക്കുന്ന ശബരിമലയിലെ സ്ഥിതി ഗുരുതരമാണ്. ഓരോ ദിവസവും പ്രകോപനം ഉണ്ടാകുന്നു. ലാത്തിച്ചാർജും കല്ലേറും വഷളായി ഒന്നോ അതിൽ കൂടുതലോ ആളുകളുടെ മരണത്തിൽ കലാശിക്കാൻ മിനിട്ടുകൾ മതി. തിരക്കുള്ള സമയത്ത് ഒരു നുണ ബോംബ് പൊട്ടിച്ചാലും ആളുകൾ പരിഭ്രാന്തരായി അത് ദുരന്തത്തിലേക്ക് വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജനീവയിലെ ചർച്ചകൾ
ഇന്നലെ ജനീവയിൽ പുതിയതായി വന്ന കുട്ടികളുമായുള്ള സംവാദം ആയിരുന്നു. വളരെ ചിലവുള്ള നഗരമാണ് ജനീവ, അതുകൊണ്ടു തന്നെ അധികം കുട്ടികൾ ഇവിടെ പഠിക്കാൻ വരാറില്ല, പക്ഷെ ഓരോ വർഷവും വരുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്, സന്തോഷം.
പ്രളയം, ശബരിമല, @metoo ഇതൊക്കെയായിരുന്നു വിഷയം. പ്രളയത്തിൽ അകപ്പെട്ടവർ മുതൽ പ്രളയകാലത്ത് മറ്റുള്ളവർക്ക് സഹായത്തിന് മുന്നിട്ടിറങ്ങിയവർ വരെ ഉണ്ട് പുതിയ കുട്ടികളിൽ. എല്ലാവരും ആ ദിവസത്തെ പറ്റി ഏറെ അഭിമാനത്തോടെ, ആ ഒത്തൊരുമയെ പറ്റി സന്തോഷത്തോടെ ആണ് സംസാരിച്ചത്. അടുത്ത വർഷം ദുരന്തങ്ങളെ പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനം ജനീവയിൽ ആണ്. പുനര്നിര്മ്മാണത്തെ പറ്റിയുള്ള കോൺഫറൻസും. ഇതിൽ രണ്ടിലും കേരളത്തിലെ പാഠങ്ങൾ എങ്ങനെ എത്തിക്കാം, പ്രത്യേകിച്ചും യുവാക്കളുടെ പങ്ക്, പ്രവാസികളുടെ പ്രത്യേക പ്രശ്നങ്ങൾ ഇവയൊക്കെ ചർച്ചയിൽ വന്നു.
ഇന്ത്യയിലെ #metoo പതുക്കെയാണെങ്കിലും കൂടുതൽ പേർ അവരുടെ കഥകളും ആയി മുന്നോട്ടുവരുന്നത് എല്ലാവർക്കും സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ്. പൊതുസ്ഥലത്തോ തൊഴിലിടത്തിലോ കുടുംബത്തിലോ ഒന്നും ഒരു സ്ത്രീയും (പുരുഷനും) ലൈംഗികമായി അപമാനിക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യരുത്. കാലാകാലമായി "സാധാരണം" എന്ന് കരുതിയിരുന്ന ഇത്തരം കടന്നു കയറ്റങ്ങളെ ആണ് പുതിയ തലമുറ ചോദ്യം ചെയ്യുന്നത്. നമ്മൾ അറിയുന്നതിലും ചിന്തിക്കുന്നതിലും എത്രയോ ഇരട്ടി സ്ത്രീകൾ #metoo കഥകളുമായി ജീവിക്കുന്നുണ്ട്. അവർക്കും അവരുടെ കഥകൾ തുറന്നു പറഞ്ഞു ആ വിഷയത്തിന് ഒരു "ക്ലൊഷർ" ഉണ്ടാകണം. പറ്റുമ്പോൾ ഒക്കെ നീതി ലഭിക്കണം, ചുരുങ്ങിയത് പുതിയ തലമുറക്കെങ്കിലും ഇത്തരം വേട്ടക്കാരിൽ നിന്നും അനുഭവങ്ങൾ ഉണ്ടാകാതിരിക്കണം. സിനിമാ മാധ്യമ രംഗങ്ങളിൽ നിന്നാണ് വടക്കേ ഇന്ത്യയിൽ കൂടുതൽ കഥകൾ വന്നത്. ഏതൊക്കെ രംഗത്താണ് കേരളത്തിൽ സിനിമയിൽ #metoo കഥകൾ വന്നു കഴിഞ്ഞു, രാഷ്ട്രീയത്തിൽ കഥകൾ ഇപ്പോഴേ ഉണ്ട്, ഇനി ഏതൊക്കെ രംഗത്ത് നിന്നായിരിക്കും കഥകൾ വരാൻ പോകുന്നത് ?. ഏറെ സ്ത്രീകൾ ജോലി ചെയ്യുകയും തൊഴിൽ സുരക്ഷ ഇല്ലാത്തതും പുരുഷന്മാർ നിയന്ത്രിക്കുകയും ചെയ്യുന്ന ആയ സ്വകാര്യ ആശുപത്രികൾ, നവമാധ്യമങ്ങൾ, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ കച്ചവട ഒക്കെ ഇത്തരം ചൂഷണങ്ങൾ സാധ്യത ഉള്ള സ്ഥലങ്ങൾ ആണ്. ജാഗ്രത ഇപ്പോഴേ വേണം. തൊഴിൽ രംഗത്തെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ നിയമങ്ങൾ ഉണ്ട്, അതിനെ പറ്റി കൂടുതൽ അവബോധം എല്ലാവർക്കും ഉണ്ടാകണം. പരാതിപ്പെടാനുള്ള സംവിധാനങ്ങൾ ശക്തമാക്കണം.
വിഷയം ശബരിമലയിൽ എത്തിയപ്പോൾ ചൂട് പിടിച്ചു. നാട്ടിലെപ്പോലെ തന്നെ വിവിധ അഭിപ്രായങ്ങൾ ഇവിടെയും ഉണ്ട്. ആചാരങ്ങളിൽ സർക്കാർ ഇടപെടരുത് എന്നത് ഒരു പക്ഷം, വിവേചനങ്ങൾ മാറ്റാൻ സമയമായി എന്നത് മറ്റൊരു പക്ഷം, റൂൾ ഓഫ് ലോ വേണമെന്ന് മൂന്നാമതൊരു പക്ഷം. രണ്ടു കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്. ഒന്ന് കേരളത്തിൽ മതവിശ്വാസങ്ങളുടെ വളർച്ചയെ വിദ്യാഭ്യാസം കൊണ്ട് മാറ്റിയെടുക്കാൻ പറ്റില്ല എന്നത് ഉറപ്പാണ്. പക്ഷെ വ്യക്തിജീവിതത്തിൽ സമൂഹ സുരക്ഷ കൂടി വരുന്ന കാലത്, അതായത് സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം, വയസ്സുകാലത്തെ സംരക്ഷണം കുട്ടികളുടെ വിദ്യാഭ്യാസം എല്ലാവർക്കും നല്ല തൊഴിൽ കിട്ടാനുള്ള സാധ്യത ഇവയൊക്കെ ഉണ്ടാകുമ്പോൾ സമൂഹത്തിൽ വിശ്വാസത്തിനും ദൈവത്തിനും ഒക്കെ റോൾ കുറഞ്ഞു വരും. കേരളത്തിൽ അങ്ങോളം ഇങ്ങോളം വഴിയാത്രക്കാരെ തടഞ്ഞു രക്തം കുടിച്ചിരുന്ന യക്ഷികൾ ഒക്കെ കെ എസ് ഇ ബി വൈദ്യുതിയും കെ എസ് ആർ ടി സി യാത്രാ സൗകര്യവും ഒരുക്കിയ കാലത്ത് എങ്ങനെ അപ്രത്യക്ഷമായോ അതുപോലെ.
രണ്ടാമത്തെ വിഷയമാണ് കൂടുതൽ വിഷമിപ്പിക്കുന്നത്. ശബരിമലയിലെ സ്ഥിതി ശരിക്കും സ്ഫോടനാത്മകം ആണ്. പോലീസും ആളുകളും നേർക്ക് നേർ നിൽക്കുന്നു. ഓരോ ദിവസവും പ്രകോപനങ്ങൾ ഉണ്ടാകുന്നു. കല്ലേറും ലാത്തി വീശലും ഉണ്ടായിക്കഴിഞ്ഞു. ഇതൊക്കെ കൂടുതൽ വഷളായിഒന്നോ അതിൽ കൂടുതലോ പേരുടെ മരണത്തിൽ കലാശിക്കാൻ ഒരു മിനുട്ട് മതി. തിരക്കുള്ള സമയത്ത് ഒരു "നുണ ബോംബ്" പൊട്ടിച്ചാൽ പോലും തിരക്കുണ്ടാക്കി ആളുകൾ മരണപ്പെടാം (ഇറക്കിലൊക്കെ ആയിരങ്ങൾ തിരക്കിൽ പെട്ട് മരിച്ചത് ഇത്തരംനുണ കേട്ട് ഓടിയിട്ടാണ്). ദൂരെ നിന്ന് നോക്കുമ്പോൾ ശബരിമലയിൽ ഇപ്പോൾ അത്തരം ഒരു സാഹചര്യം ആണ്. അത് സംഭവിക്കല്ലേ എന്ന് ആഗ്രഹിക്കുമ്പോഴും ഒരു സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ അതിനുള്ള സാധ്യതയാണ് കാണുന്നത്.
തൽക്കാലം ഇന്ന് കൂടി കഴിഞ്ഞാൽ ഈ മാസത്തെ നടയടക്കുകയാണ് എന്ന് തോന്നുന്നു. അപ്പോൾ ഒരു ടൈം ഔട്ട് പോലെ എടുക്കാം. വിവിധ വിഭാഗങ്ങളുടെ ഈ വിഷയത്തിലെ സ്റ്റാൻഡ് എന്താണെങ്കിലും മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് സുരക്ഷാ വിഷയത്തിൽ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തണം. ഓരോ മണ്ഡലകാലത്തും റോഡപകടത്തിൽ ഡസൻ കണക്കിന് തീർത്ഥാടകർ മരിക്കുന്നുണ്ട്, മലകയറുമ്പോൾ ഹൃദയസംബന്ധിയായ അസുഖം കൂടി കുറേ പേർ വേറെയും. അതിൻ്റെ കൂടെ അനാവശ്യമായ മരണങ്ങൾ എങ്കിലും
ഒഴിവാക്കാൻ ശ്രമിക്കാം.
ജനീവയിലെ തൊഴിൽ സാദ്ധ്യതകൾ തൊട്ട് വരാൻ പോകുന്ന വിന്ററിന്റെ പറ്റി വരെ ചർച്ച ഉണ്ടായി !. അന്താരാഷ്ട്ര വിഷയങ്ങൾ ഒക്കെ അടുത്ത അജണ്ടയിലേക്ക് മാറ്റി.
മുരളി തുമ്മാരുകുടി