യുവാക്കളുടെ ഹരമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകൾക്ക് പാരയായി കടൽ കടന്ന് ജാവയെത്തുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ജാവ ബൈക്കുകളെ മഹീന്ദ്ര ഏറ്റെടുത്തതോടെ ഈ പ്രതീക്ഷയ്‌ക്ക് ചിറകുകൾ മുളയ്‌ക്കാൻ തുടങ്ങി. ഇപ്പോഴിതാ ജാവ ബൈക്കുകൾ ഇന്ത്യയിൽ അവതരിക്കുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. ഈ വർഷം നവംബർ 15മുതൽ ജാവയുടെ വിവിധ മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ മുഴക്കം സൃഷ്‌ടിക്കുമെന്നാണ് മഹീന്ദ്ര അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ടൂ സ്ട്രോക്ക് ബൈക്കുകൾ രാജാക്കന്മാരായി വാണ എഴുപതുകളിലായിരുന്നു ചെക്ക് റിപ്പബ്ലിക് വാഹന നിർമാതാക്കളായ ജാവ മോട്ടോർ സൈക്കിൾസിന്റെ സുവർണകാലം. പിന്നീട് ടൂ സ്ട്രോക്ക് ബൈക്കുകളെ രാജ്യത്ത് നിരോധിച്ചപ്പോൾ ഒരു യുഗം അവസാനിച്ചു. അന്ന് കമ്പനി പുറത്തിറക്കിയ ഇരുചക്ര വാഹനങ്ങളിൽ പലതും ഇപ്പോഴും മികച്ച രീതിയിൽ പരിപാലിച്ച് കൊണ്ടുനടക്കുന്നവരുണ്ട്. എന്നാൽ ടൂ സ്ട്രോക്കിന് പകരം അടുത്തിടെ കമ്പനി ചെക്ക് റിപ്പബ്ലിക്കിൽ പുറത്തിറക്കിയ പരിഷ്‌ക്കരിച്ച ജാവ 350 ആയിരിക്കും മഹീന്ദ്ര ഇന്ത്യയിലേക്കെത്തിക്കുന്നത്. എ.ബി.എസ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനം ഉൾപ്പെടുത്തിയ വാഹനത്തിന് പഴയ ലുക്ക് കൊടുക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.
പഴയ കിടിലൻ ലുക്ക് നിലനിർത്തി കൊണ്ട് എന്നാൽ ആധുനികത ഒട്ടും കുറയ്‌ക്കാതെയാണ് ജാവ 350യുടെ ഡിസൈൻ. 350 സി.സി സിംഗിൾ സിലിൻഡർ എയർ കൂൾഡ് എഞ്ചിൻ 6500 ആർ.പി.എമ്മിൽ 27.73 പി.എസ് കരുത്തും 5000 ആർ.പി.എമ്മിൽ 30.6 എൻ.എം ടോർക്കുമേകും. 5 സ്‌പീഡ് ഗിയർ ബോക്‌സുള്ള ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. 154 കിലോ ഭാരമുള്ള ജാവ 350യ്‌ക്ക് 17 ലിറ്റർ പെട്രോൾ ടാങ്ക് കപ്പാസിറ്റിയുണ്ട്. മുന്നിൽ 280 എം.എം ഡിസ്‌ക് ബ്രേക്കും പിന്നിൽ 160 എം.എം ഡ്രം ബ്രേക്കും വാഹനത്തിന് സുരക്ഷ ഒരുക്കും. ഏകദേശം 99,930 ചെക്ക് കോറുനയാണ് (2.60 ലക്ഷം രൂപ) ഇവന്റെ ചെക്ക് റിപ്പബ്ലിക്കിലെ വിപണി വില. ഇന്ത്യയിലെത്തുമ്പോൾ ഇവന് എത്ര രൂപ വിലയിടുമെന്ന ആകാംഷയിലാണ് ആരാധകർ. എന്തായാലും മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ പ്ലാന്റിൽ നിന്നും പുറത്തിറങ്ങുന്ന ഇവൻ റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് ക്ലാസിക് 350 അടക്കമുള്ള ജനപ്രിയ മോഡലുകൾക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പ്.