സന്നിധാനം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഒരുവശത്ത് പ്രതിഷേധം വ്യാപകമാകവെ മല ചവിട്ടാനെത്തിയ യുവതികൾക്ക് സുരക്ഷ ഒരുക്കിയത് ഐ.ജി: എസ്.ശ്രീജിത്തായിരുന്നു. മാസപൂജയ്ക്കായി ശബരിമല നട തുറന്നതു മുതൽ പമ്പയിലും സന്നിധാനത്തുമായി നിലകൊണ്ട ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സ്ത്രീകൾ സന്നിധാനം വരെ എത്തിയത്. സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിൽ എതിർപ്പുമായി നിന്ന ഭക്തരുടെ പ്രതിഷേധം സംഘർഷത്തിലേക്കും ക്രമസമാധാന പ്രശ്നത്തിലേക്കും വഴിമാറാതെ നോക്കിയതിൽ ശ്രീജിത്തിന്റേയും സംഘത്തിന്റേയും അവസരോചിതമായ ഇടപെടലും ഉണ്ടായിരുന്നു.
ഇപ്പോൾ ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയിൽ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദർശിക്കുന്ന ചിത്രം വൈറലാവുകയാണ്. ഇന്ന് പുലർച്ചെയാണ് ശ്രീജിത്ത് ശബരിമലയിൽ ദർശനം നടത്തിയത്. കൈകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണാം.
ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ വിമെൻ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയും ഹൈദരാബാദിൽ നിന്നുള്ള മോജോ ടി.വി റിപ്പോർട്ടർ കവിതാ ജെക്കലും വെള്ളിയാഴ്ച ശബരിമലയിൽ ദർശനത്തിനായി എത്തിയിരുന്നു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ ശബരിമല നടയുടെ പതിനെട്ടാംപടിക്ക് ഇരുനൂറ് മീറ്റർ അകലെ നടപ്പന്തലിൽ എത്തിച്ചത്. എന്നാൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങിപ്പോയിരുന്നു. നടപ്പന്തലിലെ പ്രതിഷേധക്കാരോട് ഐ.ജി സംസാരിച്ചത് വിശ്വാസികളുടെ ഭാഷയിലായിരുന്നു. തന്റെ സുരക്ഷാകവചവും ഹെൽമറ്റും അഴിച്ചുവച്ച ശേഷമായിരുന്നു ഇത്.
മറ്റ് വിശ്വാസികളെ പോലെ ഞാനും ഭക്തനാണ്. ഞങ്ങൾ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഭക്തരെ ചവിട്ടി അരച്ച് ഞങ്ങൾ മുന്നോട്ടു നീങ്ങാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട് . നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐ.ജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയായിരുന്നു. നിയമം നടപ്പാക്കേണ്ട ബാദ്ധ്യതയുള്ളതിനാലാണ് താൻ അവർക്ക് സുരക്ഷ ഒരുക്കിയതെന്നും ഐ.ജി പറഞ്ഞു. ഐ.ജിയുടെ ഈ വാക്കുകളെ സമചിത്തതയോടെയാണ് ഭക്തർ കേട്ടുനിന്നത്. പിന്നീട് പ്രതിഷേധം ശക്തമായതോടെ യുവതികൾ ദർശനം നടത്താതെ മടങ്ങുകയായിരുന്നു.