പാലക്കാട്: ചിറ്റൂരിൽ യുവാവ് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയശേഷം പൊലീസിൽ കീഴടങ്ങി. ചിറ്റൂർ കൊഴിഞ്ഞമ്പാറ സ്വദേശിയായ മാണിക്യനാണ് ഭാര്യ കുമാരിയെയും മക്കളായ മനോജ്, ലേഖ എന്നിവരെയും കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇന്നു രാവിലെ ഏഴരയോടെ മാണിക്യൻ കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് കൊഴിഞ്ഞമ്പാറയിൽ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് ഒരു വർഷം മുൻപാണ് മാണിക്യനും കുടുംബവും കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളിൽ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന തൊഴിലാളികളാണ് മാണിക്യനും കുടുംബവും.കൊലപാതകത്തിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ പുറത്തുവിടാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.