കോടതി വിധി നടപ്പിലാക്കി യുവതികൾക്ക് മലകയറാൻ അവസരം ഒരുക്കുമെന്ന സർക്കാർ പ്രഖ്യാപനം കണ്ടാണ് മല കയറാനായുള്ള ആഗ്രഹം അറിയിച്ചതെന്ന് മോഡലും, ബി.എസ്.എൻ.എൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ. സുപ്രീം കോടതി വിധി വന്നതോടെയാണ് അദൈ്വത സിദ്ധാന്തത്തിൽ ആകൃഷ്ട ആയിരുന്ന താൻ ശബരിമലയിൽ പോകാൻ തീരുമാനിച്ചത്. യുവതികൾക്ക് മലകയറാൻ അവസരം ഒരുക്കും എന്ന സർക്കാർ പ്രഖ്യാപനം കൂടി കണ്ടപ്പോൾ ശബരിമല സുരക്ഷാ ചുമതല ഉള്ള കളക്ടറേയും പോലീസ് ഉദ്യോഗസ്ഥനെയും വിളിച്ചും മെസേജ് ചെയ്യുകയും ചെയ്തു. പമ്പയിൽ എത്തിയാൽ മതി അവിടം മുതൽ സുരക്ഷ കിട്ടും എന്നു ഉറപ്പാണ് ലഭിച്ചത്. തുടർന്ന് കെട്ടുനിറച്ചു മാലയിട്ട് പമ്പയിൽ വെളുപ്പിന് 1.30ഓടെ എത്തുകയും പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ സുരക്ഷ ഒരുക്കാൻ ഫോഴ്സ് കുറവായതിനാൽ രാവിലെ ആറ് മണിവരെ അവിടെ വെയിറ്റ് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് സുരക്ഷയിൽ എത്തിയ തന്നെ സുരക്ഷിത ആയി സന്നിധാനത്തും തിരിച്ചു വീട്ടിലും എത്തിക്കുകയായിരുന്നെന്നും രഹ്ന ഫാത്തിമ പറയുന്നു.