pinarayi-vijayan

തിരുവനന്തപുരം: നവകേരള നിർമ്മിതിക്കായി വിദേശ മലയാളികളുടെ സഹായം തേടിയുളള യു.എ.ഇ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി. ദുബായ്, ഷാർജ എന്നിവിടങ്ങളിലെ മലയാളി കൂട്ടായ്മകളിൽ പങ്കെടുത്തശേഷം ഇന്ന് പുലർച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. ഇക്കഴിഞ്ഞ 17നാണ് മുഖ്യമന്ത്രി യു.എ.ഇ സന്ദർശനത്തിന് പോയത്. യു.എ.ഇയിൽ വലിയ തോതിലുള്ള സഹായങ്ങളാണ് പ്രവാസി മലയാളികൾ മുഖ്യമന്ത്രിക്ക് വാഗ്ദാനം ചെയ്യുകയും നൽകുകയും ചെയ്തത്. കേരളത്തെ എങ്ങനെ പുനർനിർമ്മിക്കുമെന്നുള്ള വ്യക്തമായ ചിത്രവും മുഖ്യമന്ത്രി അവർക്ക് നൽകി.

കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങളെ എതിർത്ത പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. ദുബായിൽ മലയാളി സമൂഹത്തോട് സംസാരിക്കവേയാണ് നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്. മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാൽ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് അത് നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാടിനൊപ്പം നിൽക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.