sabarimala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ നേട്ടം കൊയ്യാൻ കഴിഞ്ഞത് ബി.ജെ.പിക്കാണെന്ന് കോൺഗ്രസിൽ വിമർശം. ശബരിമല വിഷയത്തിൽ തുടക്കത്തിൽ മുന്നിലുണ്ടായിരുന്ന കോൺഗ്രസ് പിന്നീട് ഉൾവലിയുകയായിരുന്നെന്നും തങ്ങളുടെ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നുമാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.

പദയാത്രകളും വിശദീകരണയോഗങ്ങളും നടത്തി മുഖം രക്ഷിക്കാനാണ് ഇനിയിപ്പോൾ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച രാഷ്‌ട്രീയ വിശദീകരണ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ശബരിമല വിഷയത്തിൽ ബി.ജെ.പി സ്വീകരിച്ച നിലപാട്, ആസന്നമാകുന്ന മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ അവർക്ക് അനുകൂലമാകുമെന്ന ഭയത്തിലാണ് ഇപ്പോൾ കോൺഗ്രസ്.

അതേസമയം, സംസ്ഥാനസർക്കാരിന്റെ നടപടി, പ്രശ‌്നങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. എരിതീയിൽ എണ്ണ ഒഴിക്കാനാണ് സർക്കാർ ശ്രമം. തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രിമാരുടെ നടപടി അംഗീകരിക്കാനാകില്ല. ശബരിമലയിൽ സംഭവിക്കുന്നതിനൊക്കെ ഉത്തരവാദി സർക്കാരാണ്. പൊലീസ് നടപടിയും കാര്യക്ഷമമല്ല. സംസ്ഥാനം ആവശ്യപ്പെട്ടാൽ മാത്രം ഓർഡിനൻസ് എന്ന ബി.ജെ.പി അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയുടെ വാക്കുകൾ ഭരണഘടന അറിയാത്തതു കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.