sabarimala

എരുമേലി:ശബരിമല നട ഇന്ന് രാത്രി അടയ്ക്കാനിരിക്കെ ദർശനത്തിന് താൽപര്യമുണ്ടെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിനിയായ ബിന്ദുവാണ് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. എന്നാൽ സുരക്ഷ നൽകാനാവില്ലെന്ന് എരുമേലി പൊലീസ് അറിയിച്ചതോടെ യുവതി പമ്പയിലേക്ക് തിരിച്ചു. പമ്പയിലെ ഡ്യൂട്ടി ചുമതലയുള്ള പൊലീസിനെ സമീപിക്കുകയാണ് യുവതിയുടെ ലക്ഷ്യം. യുവതിയോടൊപ്പം രണ്ട് യുവാക്കളുമുണ്ടെന്നാണ് സൂചന.അതേസമയം, തുലാമാസ പൂജകൾ പൂർത്തിയാക്കി രാത്രി പത്തുമണിയോടെ നട അടയ്ക്കും.

ഇന്നലെ സന്നിധാനത്തേക്ക് പോകുന്നതിന് വേണ്ടി ശബരി എക്‌സ്‌പ്രസിൽ യുവതികൾ എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. യുവതികളായ ഭക്തർ എത്തിയാൽ തടയുന്നതിനായി ഭക്തരും സ്റ്റേഷനിൽ സംഘടിച്ചിരുന്നു. എന്നാൽ ചെങ്ങന്നൂരിൽ ഇതുവരെ ഭക്തരാരും ഇറങ്ങിയിട്ടില്ലെന്നാണ് വിവരം.

ചിത്തിര ആട്ടവിശേഷത്തിന് നവംബർ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തീയതി രാത്രി 10ന് നട അടയ്ക്കും. തുടർന്ന് നവംബർ 16ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബർ 27 വരെയാണ് മണ്ഡലപൂജ.