കോട്ടയം: ശബരിമലയിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഏറ്റുമാനൂരിലെത്തിയ നാല് ആന്ധ്രാസ്വദേശികളായ യുവതികളെ ഭക്തർ തടഞ്ഞു. സംഘത്തോടൊപ്പം ശബരിമലയ്‌ക്കുള്ള യാത്ര അവസാനിപ്പിച്ച ഇവർ, ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്‌ജിൽ തങ്ങുകയാണ്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പൻമാരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എത്തി. ഇരുപതോളം വരുന്ന ആയ്യപ്പൻമാരുടെ സംഘത്തിൽ നാലു യുവതികളുമുണ്ടായിരുന്നു.
ക്ഷേത്രത്തിനു സമീപത്തെത്തിയ ഇവരെ കണ്ട ഭക്തർ വാഹനത്തിനു സമീപം ഒത്തു കൂടി. തുടർന്ന് ഇവരോട് കാര്യങ്ങൾ തിരക്കി. എന്നാൽ, തങ്ങൾ ശബരിമലയിലേയ്‌ക്ക് പോകാനെത്തിയവരാണെന്നായിരുന്നു യുവതികളുടെ മറുപടി. ഇതോടെ ഭക്തർ ഒത്തു കൂടി പ്രതിഷേധവുമായി രംഗത്ത് എത്തി. ഏറ്റുമാനൂർ പൊലീസും സ്ഥലത്ത് എത്തി. പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. സ്ഥലത്ത് എത്തിയ പൊലീസ് സംഘം തീർത്ഥാടകരെ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭക്തർ തയ്യാറായില്ല. ഇതോടെ യുവതികളെ ക്ഷേത്രത്തിനു സമീപത്തെ ലോഡ്ജിൽ താമസിപ്പിക്കുന്നതിനും, സംഘം ശബരിമല ദർശനത്തിനു ശേഷം മടങ്ങിയെത്തുമ്പോൾ ഇവരെ ഒപ്പം കൂടാനും തീരുമാനമായി.