ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചത് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട പുന:പരിശോധനാ ഹർജികൾ അടക്കമുള്ള ഹർജികൾ പരിഗണിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നാളെ തീരുമാനമെടുക്കും. ഇന്ന് കോടതി ചേർന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, നാളെ പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
25 പുന:പരിശോധനകളാണ് സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്. അയ്യപ്പ സേവാസംഘവും കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, ശബരിമലയിലെ പ്രതിസന്ധി സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുന്നുണ്ട്. നാളെത്തന്നെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കും. സ്ത്രീപ്രവേശത്തിലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ നേരിട്ട പ്രതിസന്ധിയും വിധിക്കെതിരേ ഉയർന്ന പ്രതിഷേധവുമൊക്കെ റിപ്പോർട്ടിലുണ്ടാകും. ശബരിമലയിലെ ഗുരുതരപ്രതിസന്ധി വിവരിക്കുന്ന റിപ്പോർട്ടിൽ തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിന്റെയും എതിർപ്പും പ്രതിപാദിക്കും. ഇതൊക്കെ ചൂണ്ടിക്കാട്ടി വിധി നടപ്പാക്കാൻ സാവകാശം കിട്ടുമോ എന്നാണ് ആലോചന.