ഭുവനേശ്വർ: ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ പെട്രോളിനെ ഡീസൽ തോൽപ്പിച്ചു. ഒഡീഷയിലാണ് ലിറ്ററിന് 80 രൂപ 78 പൈസ നിരക്കിലേക്ക് ഡീസൽ വില എത്തിയത്. അതേസമയം ഇവിടെ പെട്രോളിന് ലിറ്ററിന് 80 രൂപ 65 പൈസയാണ്.കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഡീസൽ വില പെട്രോളിനെ മറികടന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്ത് എണ്ണവിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്.
ഒഡീഷ സർക്കാർ പെട്രോളിനും,ഡീസലിനും ഒരേ നിരക്കിലാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പെട്രോളിന്റെ നികുതി ഡീസലിനെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ് ഈടാക്കുന്നത്. കൂടാതെ ഡീസൽ വിൽപ്പനയിൽ ഡീലർമാർക്കുള്ള കമ്മീഷനും കുറവാണ്. ഡീസൽ വില പെട്രോളിനെ മറികടന്നതോടെ സംഭവം ഒഡീഷയിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി. സംസ്ഥാന ഘടകം. അശാസ്ത്രീയമായ നികുതി വ്യവസ്ഥയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ബി.ജെ.പിയുടെ ആരോപണം.