കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയ്ക്കെതിരെ ബി.എസ്.എൻ.എൽ നടപടിയെടുത്തു. ഇതിന്റെ ഭാഗമായി രഹ്നയെ കൊച്ചി രവിപുരത്തെ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. കൊച്ചി ബോട്ട് ജെട്ടി ശാഖയിൽ ടെലിഫോൺ മെക്കാനിക്കായി ജോലി നോക്കിവരികയായിരുന്നു രഹ്ന.
ജനങ്ങളുമായി നേരിട്ട സന്പർക്കമില്ലാത്ത ഇടത്തേക്കാണ് രഹ്നയെ സ്ഥലംമാറ്റിയത്. രഹ്ന ശബരിമലയിലേക്ക് പോയതുമായി ബന്ധപ്പെട്ട് ബി.എസ്.എൻ.എൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് സൈബർ സെല്ലിനോട് ബി.എസ്.എൻ.എൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ രഹ്നാ ഫാത്തിമയ്‌ക്കെതിരെ തൃക്കൊടിത്താനം സ്വദേശി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം സ്വദേശിയായ രഹനാ ഫാത്തിമ ശനിയാഴ്ചയാണ് ആന്ധ്രാ സ്വദേശിയായ മാദ്ധ്യമ പ്രവർത്തക കവിത ജക്കലിനൊപ്പം ഐ.ജി ശ്രീജിത്തിന്റെ കനത്ത സുരക്ഷയിൽ സന്നിധാനത്തെ നടപ്പന്തൽ വരെ എത്തിയിരുന്നെങ്കിലും അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ എറണാകുളത്തെ വീടിന് നേരെ ആക്രമണവുമുണ്ടായി.