ജലന്ധർ: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയ വൈദികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് ജലന്ധറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്‌ക്കാണ് അവസാനമായി ഫാദറിനെ ചാപ്പലിലുള്ളവർ കണ്ടത്. ഭക്ഷണത്തിന് ശേഷം ഉച്ചയുറക്കത്തിന് മുറിയിലേക്ക് പോയ അദ്ദേഹത്തെ ഇന്ന് രാവിലെ കുർബാനയ്‌ക്കും കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.
കിടപ്പുമുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഫാദറിന്റെ മൃതദേഹം ഇപ്പോൾ ജലന്ധറിലെ ദസ്വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബിഷപ്പിനെതിരെ പരസ്യമായി രംഗത്തുവന്നവരിൽ പ്രമുഖനായിരുന്നു കുര്യാക്കോസ് കാട്ടുതറ. അദ്ധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച നിരവധി കന്യാസ്ത്രീകളെ പഠിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തനിക്കെതിരെ നിരവധി ഭീഷണികൾ വരുന്നുണ്ടെന്ന വെളിപ്പെടുത്തലും കാട്ടുതറയിൽ നടത്തിയിരുന്നു.