kr-gowriamma

തിരുവനന്തപുരം: ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത് പരിഹാസ്യമാണെന്ന് കെ.ആർ ഗൗരിയമ്മ പറഞ്ഞു. ആർത്തവ ദിവസം താൻ ക്ഷേത്രത്തിൽ പോയിട്ടുണ്ടെന്നും അന്ന് താൻ കയറിയതിന്റെ പേരിൽ ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ലെന്നും ഗൗരിയമ്മ കൂട്ടിച്ചേർത്തു.

'മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം ക്ഷേത്രത്തിൽ പോയ ഞാൻ ആർത്തവമായതിനാൽ അവരെ കാത്ത് ആദ്യം പുറത്ത് നിന്നു.എന്നാൽ കുറേ സമയമായിട്ടും അവർ വരാത്തതിനെ തുടർന്ന് ഞാൻ ക്ഷേത്രത്തിൽ കയറി. അന്ന് അവിടെയുള്ള ദേവി അവിടെ തന്നെയുണ്ടായിരുന്നു. ഞാൻ കയറിയതുകൊണ്ട് ദേവി എങ്ങോട്ടും ഇറങ്ങിയോടിയൊന്നുമില്ല'- ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്.

ആഗ്രഹമില്ലാത്തവരോട് നിർബന്ധിച്ച് പോകാൻ പറയരുത്. ആരാധാനാലയങ്ങളിൽ ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരെ അതിൽ നിന്ന് വിലക്കുകയും ചെയ്യരുതെന്നും ഗൗരിയമ്മ വ്യക്തമാക്കി.

അതേസമയം, ആളുകൾക്കിടയിൽ സുപ്രീം കോടതി വിധിയിൽ വിശ്വാസം ജനിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഗൗരിയമ്മ പറഞ്ഞു.