ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നോബേലിന് അർഹരായ യു.എസ് . സാമ്പത്തിക ശാസ്ത്രജ്ഞർ പോൾ റോമറെയും വില്യം നോർഡ് ഹൗസിനെയും പുരസ്‌കാരത്തിന് അർഹരാക്കിയത് ഭാവിതലമുറയെ മുന്നിൽക്കണ്ടുള്ള സുസ്ഥിര വികസനത്തിന്റെ പ്രായോഗിക സാധ്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ്.
പ്രകൃതിയെയും ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തേയും സാമ്പത്തിക ശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സൈദ്ധാന്തിക വിശകലനമാണ് റോമറും നോർഡ് ഹൗസും മുന്നോട്ടുവച്ചത്. ആഗോള സമ്പദ് വ്യവസ്ഥയിലെ ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര വികസനവും ജനക്ഷേമപ
ദ്ധതികളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചിന്താപദ്ധതിയാണിത്. പ്രകൃതിയും അറിവുമായി കമ്പോള വ്യവസ്ഥ ഏതെല്ലാം തരത്തിൽ ബന്ധപ്പെടുന്നുവെന്ന് വിശദമാക്കുന്ന സങ്കേതങ്ങൾ വികസിപ്പിച്ചതിലൂടെ സുസ്ഥിര സാമ്പത്തിക വികസന മേഖലയുടെ സാധ്യതകൾ ഇരുവരും വലിയ തോതിൽ വിപുലപ്പെടുത്തിയെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് അഭിപ്രായപ്പെട്ടു.
യു.എസിലെ യേൽ സർവ്വകലാശാല പ്രൊഫസറാണ് വില്യം നോർഡ് ഹൗസ്. കാലാവസ്ഥാ സാമ്പത്തികശാസ്ത്രത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഇദ്ദേഹം ഈ വിഷയത്തിൽ ഇരുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻ നോബേൽ ജേതാവായ പോൾ
സാമുവൽസുമായി ചേർന്ന് രചിച്ച Economics - An Introductory Analysis എന്ന ഗ്രന്ഥം 17 ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2000-ൽ പ്രസിദ്ധീകരിച്ച Warning the world: Economic Models of Global warning, 2008-ൽ ഇറങ്ങിയ A Question of Balance, 2013-ൽ പ്രസിദ്ധീകരിച്ച The Climate Casino തുടങ്ങിയ ഗ്രന്ഥങ്ങൾ ആഗോള താപനകാലത്തെ ബദൽ സാമ്പത്തിക മാതൃകകൾ അവതരിപ്പിക്കുക വഴി ഏറെ ശ്രദ്ധിക്കപ്പെട്ടു.
രാജ്യങ്ങളുടെ ദേശീയ വരുമാനം കണക്കാക്കുന്നതിലെ അപാകതകളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുള്ള നോർഡ് ഹൗസിന്റെ പഠനങ്ങളും ആഗോളശ്രദ്ധ നേടി. വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ തദ്ദേശീയ സാമ്പത്തിക വളർച്ചയെ ദീർഘകാലാടിസ്ഥാനത്തിൽ എങ്ങനെ ബാധിക്കുന്നുവെന്നും ഇത്തരം മാറ്റങ്ങൾ ആഗോള സാമ്പത്തിക ക്രമത്തെ എങ്ങനെ നിർണയിക്കുന്നെന്നും വിശദമാക്കുന്ന നോർഡ് ഹൗസിന്റെ പഠനങ്ങൾ ഏറെ പ്രസക്തമാണ്. സമ്പദ് വ്യവസ്ഥയും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആധികാരികമായ പരികല്പനകൾ രൂപപ്പെടുത്തിയ ആദ്യ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അദ്ദേഹം. ഓരോ രാജ്യവും സപുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിൽ കാർബൺ നികുതി അടയ്ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കാരണം ലോകം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്കുള്ള ഏറ്റവും മികച്ച പരിഹാരമാണ് കാർബൺ നികുതിയെന്ന ആശയമെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
സാങ്കേതിക വിദ്യാരംഗത്ത് സംഭവിക്കുന്ന ദ്രുതമാറ്റങ്ങളെല്ലാം നമ്മുടെ നിയന്ത്രണത്തിലാണ്. എന്നാൽ കാലാവസ്ഥാമാറ്റം അങ്ങനെയല്ല. അതിനാൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആദാന പ്രദാനങ്ങൾ ക്രമീകരിച്ചേ മതിയാകൂ. ഇതുസംബന്ധിച്ച് ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തികശാസ്ത്രം, മറ്റ് ജ്ഞാനമേഖലകൾ എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള സൈദ്ധാന്തിക വിശകലനമാണ് വില്യം നോർഡ് ഹൗസിനെ വ്യത്യസ്തനാക്കുന്നത്. ഇതിനായി അദ്ദേഹം വികസിപ്പിച്ച ഇന്റഗ്രേറ്റഡ് അസസ്‌മെന്റ് മോഡലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പോൾ റോമർ
വില്യം നോർഡ് ഹൗസിനെപ്പോലെ പോൾ റോമറും പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ വികസന മാതൃകകളെ പിന്തുടരുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ലോകബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റും സീനിയർ വൈസ് പ്രസിഡന്റുമായിരുന്ന ഇദ്ദേഹം ന്യൂയോർക്കിലെ സ്റ്റേൺ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ അധ്യാപകനാണ്. സാങ്കേതികസ മുന്നേറ്റം വിപണിയുടെ ചലനനിയമങ്ങൾക്കനുസരിച്ചുള്ള ആന്തരികമായ വളർച്ചയാണെന്ന സിദ്ധാന്തം ഷിക്കാഗോ സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ റോമർ മുന്നോട്ടുവച്ചിരുന്നു. ലാഭകരമായ സാങ്കേതിക വിദ്യകൾക്കും അറിവ് ഉൽപ്പാദനത്തിനുമുള്ള പ്രചോദനം വിപണിയാണ്. സാമ്പത്തികഘടകങ്ങൾ എങ്ങനെയാണ് വ്യവസായ സ്ഥാപനങ്ങളെ പുതിയ ആശയങ്ങളിലേക്കും കണ്ടുപിടുത്തങ്ങളിലേക്കും നയിക്കുന്നത് എന്ന് വിശദമാക്കുന്ന എൻഡോജിനിയസ് ഗ്രോത്ത് തിയറി റോമർ അവതരിപ്പിച്ചു. സാമ്പത്തിക വളർച്ച വേഗത്തിലാക്കാൻ സാങ്കേതിക വിദ്യയിൽ വരുത്തേണ്ട നിരന്തര മാറ്റങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരികല്പനകൾ ആഗോളതലത്തിൽ ശ്രദ്ധേയമായി.
ദീർഘകാലത്തേക്കുള്ള സ്ഥൂല സാമ്പത്തികശാസ്ത്ര വിശകലനത്തിൽ സാങ്കേതിക മുന്നേറ്റങ്ങളെ സമന്വയിപ്പിച്ച് വികസന മോഡൽ രൂപീകരിക്കാൻ അദ്ദേഹത്തിനായി. പാരിസ്ഥിതിക പരിഗണനകളെ വികസനകാര്യങ്ങളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അവികസിത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം റോമറുടെ സിദ്ധാന്തങ്ങൾ നവ കൊളോണിയൽ ചൂഷണത്തിന് കാരണമാകുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്. പാരിസ്ഥിതിക സൗഹൃദ സാമ്പത്തികചിന്തകൾക്കാണ് ഇത്തവണ നോബേൽ സമ്മാനം ലഭിച്ചിരിക്കുന്നത് എന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ പേറുന്ന വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. ചുട്ടുപൊള്ളുന്ന അമ്മ ഭൂമിയെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം അമേരിക്കൻ ധാർഷ്ട്യത്തിനു മുന്നിലാണ് തകർന്നടിയുന്നത്. ലോകത്തിൽ ഏറ്റവുമധികം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന യു.എസ്. കാർബൺ നികുതി എന്ന ആശയത്തെ
നിഷ്‌കരുണം തള്ളിക്കളഞ്ഞതാണ്. എന്നിരുന്നാലും ഈ ദിശയിൽ പുതിയ സംവാദ മേഖല തുറക്കാനും വികസന മാതൃകകൾ സ്വീകരിക്കാനും വില്യം നോർഡ് ഹൗസിന്റെയും പോൾ റോമറുടെയും പഠനങ്ങൾ രാഷ്ട്രങ്ങൾക്ക് പ്രേരണയാകുമെന്ന് പ്രത്യാശിക്കാം.
( ലേഖകൻ നിയമസഭാ സ്‌പീക്കറുടെ പ്രസ് സെക്രട്ടറിയാണ് )