ശബരിമല: യുവതീ പ്രവേശനം സാദ്ധ്യമാക്കാൻ കൂടുതൽ പൊലീസ് സേനയെ സന്നിധാനത്ത് വിന്യസിച്ചതോടെ എന്ത് വിലകൊടുത്തും പ്രതിരോധിക്കാൻ തയ്യാറായി ബി.ജെ.പി സംഘപരിവാർ സംഘടനകൾ. തുലാമാസ പൂജയ്ക്കുശേഷം ഇന്ന് രാത്രി നട അടയ്ക്കുന്ന ശബരിമലയിൽ ആശങ്കയുടെ മണിക്കൂറുകളാണ് കടന്നുപോകുന്നത്. ആചാരം ലംഘിച്ച് യുവതികൾ സന്നിധാനത്ത് എത്തുന്നത് തടയാൻ രണ്ടായിരത്തിലധികം യുവാക്കളാണ് ശബരിമലയിൽ വിവിധ ഭാഗങ്ങളിലായി തമ്പടിച്ചിട്ടുള്ളതെന്നാണ് വിവരം. ഇവരെ തിരികെ മടക്കുന്നതിന് പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ പ്രതിരോധിക്കാൻ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം.എങ്ങനെയും യുവതികളെ പ്രവേശിപ്പിച്ച് കോടതി വിധി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. യുവതികൾക്ക് പ്രവേശിക്കാനായില്ലെങ്കിൽ അത് സർക്കാരിന് കനത്ത തിരിച്ചടിയാകും. സംഘപരിവാർ സംഘടനകളുടെ വിജയമായി അത് വ്യാഖ്യാനിക്കപ്പെടും.
പമ്പയിൽ നിന്ന് ഇന്നലെ രാവിലെയോടെ ഡിവൈ.എസ്.പി, സി.ഐമാരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാരെ സന്നിധാനത്ത് എത്തിച്ചു.സംഘപരിവാർ സംഘടനകളുടെ ശക്തമായ പ്രതിരോധം കാരണം പൊലീസ് സംരക്ഷണയിൽ എത്തിയ യുവതികൾക്ക് പോലും സന്നിധാനത്ത് എത്തി ദർശനം നടത്താനായില്ല. നിലയ്ക്കലും പമ്പയിലും പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ സംഘപരിവാർ പ്രവർത്തകരുടെ അമർഷം പുകയുന്നുണ്ട്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, മുൻ വക്താവ് വി.വി.രാജേഷ്, പട്ടികജാതിമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ വി.സുധീർ, ശബരിമല കർമ്മസമിതി പ്രസിഡന്റ് വി.ചിതാനന്ദപുരി, അയ്യപ്പസേവാസമാജം സംസ്ഥാന അദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആർ. കുമാർ തുടങ്ങി ഒരു ഡസനോളം നേതാക്കളും അണികളും സന്നിധാനത്തുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കാൻ പൊലീസ് ശ്രമിച്ചാൽ പ്രതിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത് മുന്നിൽ കണ്ടാണ് കൂടുതൽ സേനയെ എത്തിച്ചത്.
ഇന്ന് പന്തളം കൊട്ടാരമാണ് പൂജകൾ നടത്തുന്നത്. ഇതിനായി കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ്മ ഉൾപ്പെടെയുള്ളവർ സന്നിധാനത്ത് ഇന്നലെ രാത്രി എത്തി. ദേവപ്രശ്നവിധി പ്രകാരമുള്ള കൊട്ടാരത്തിന്റേതായ പരിഹാര ക്രിയകൾക്കായാണ് ഇവർ എത്തിയത്. ആചാരലംഘനം ഉണ്ടായാൽ കൊട്ടാരം നിർവാഹക സംഘത്തിന്റെ സാന്നിദ്ധ്യവും പ്രസക്തമാണ്.