തൃപ്പൂണിത്തുറ : ഇരുമ്പനത്ത് പുതിയറോഡ് ജംഗ്ഷനിൽ സീപോർട്ട് എയർപോർട്ട് റോഡിലെ എസ്.ബി.ഐ യുടെ എ.ടി.എം കുത്തിപൊളിച്ച് 25,05,200 രൂപ കവർന്നവർ ഡൽഹി - ഹരിയാന അതിർത്തിയിലെ മോഷ്ടാക്കളുടെ ഗ്രാമമായ മേവാസിലെ കവർച്ചാ സംഘമെന്ന സംശയം ബലപ്പെടുന്നു. കാക്കനാടുള്ള ആർ.ടി.ഒ വഴി അന്വേഷണ ഉദ്യോഗസ്ഥർ ചാലക്കുടി കൊരട്ടി ഹൈവേയിൽ സ്ഥാപിച്ച സ്പീഡ് കാമറയിലെ ദൃശ്യങ്ങളുടെ വീഡിയോ പകർപ്പിനായി അപേക്ഷ നൽകിയിട്ടുണ്ട്. മോഷ്ടാക്കൾ സഞ്ചരിച്ച പിക്ക് അപ്പ് വാനിന് മുമ്പ് ഇവർക്ക് വേണ്ട ഗ്യാസ് ഉൾപ്പടെ സൗകര്യങ്ങൾ ഒരുക്കി മോഷണത്തിന് നേതൃത്വം നൽകിയവർ വന്ന വണ്ടി കണ്ടെത്തുന്നതിന് വേണ്ടിയാണിത്.
ഓക്‌സിജനും ,അസറ്റീവ് ഗ്യാസും മിക്‌സ് ചെയ്ത് എ.ടി.എം ഷീറ്റുകൾ ഹൈ പവറിൽ മിനിട്ടുകൾ കൊണ്ട് കട്ട് ചെയ്ത് മോഷണം നടത്തിയതെന്ന അനുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. മോഷണത്തിനായി വന്ന പിക്ക് അപ്പ് വാൻ എ.ടി.എം കൗണ്ടറിന്റെ മുമ്പിൽ നിർത്തിയതിന് ശേഷം വാഹനം മുന്നോട്ടും പിന്നോട്ടും എടുത്തതിന് ശേഷമാണ് കവർച്ചകൾ നടന്നിട്ടുള്ളത് .
ഇത് കൗണ്ടറിനുള്ളിലെ സി.സി ടി.വി കാമറയിലെ ദൃശ്യങ്ങളിൽ വ്യക്തമാണ് .ഇതിൽ നിന്നാണ് പോലീസ് ഒന്നിൽ കൂടുതൽ വാഹനങ്ങളിലായാണ് കവർച്ചാ സംഘം എത്തിയതെന്ന സംശയം ബലപ്പെടാൻ കാരണം. മുന്നിൽ വന്ന വാഹനത്തിൽ നിന്നും ഓക്‌സിജനും, അസറ്റീവ് ഗ്യാസും മിക്‌സ് ചെയ്ത ഗ്യാസും പിക്ക് അപ്പ് വാനിൽ വന്ന മോഷ്ടാക്കൾക്ക് കൈമാറുന്നതിനാകാം വാൻ എ.ടി.എം കൗണ്ടറിന് മുന്നിൽ നിർത്തിയത്.
ഇതിന് മുമ്പ് സംസ്ഥാനത്തെ എ.ടി.എം കൗണ്ടറുകളിൽ സമാന രീതിയിൽ കവർച്ച നടത്തിയ ഡൽഹി ക്രൈം സ്‌ക്വാഡ് എച്ച്.സി യിൽ ഉണ്ടായിരുന്ന പിടികിട്ടാപുള്ളിയുടെ സംഘമാണ് എ.ടി.എം കവർച്ചയ്ക്ക് പിന്നിൽ എന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. സ്പീഡ് കാമറയിലെ ദൃശ്യങ്ങൾ കെൽട്രോണിൽ നിന്നും ഇന്ന് ലഭിക്കുന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടതും പിക്ക് അപ്പ് വാഹനത്തിന് മുമ്പായി മോഷണത്തിന് സൗകര്യങ്ങൾ ഒരുക്കിയ വാഹനത്തെ കുറിച്ചും സൂചന കിട്ടുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
സമാനമായ രീതിയിലാണ് മുമ്പ് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ എ.ടി.എം കൗണ്ടറുകൾ കവർച്ച നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്ന് ഇവരിൽ തിരുവനന്തപുരം സ്വദേശിയായ ഒരാളെ മാത്രമേ പിടികൂടാനായുള്ളു.