anjana

ചാരുംമൂട്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് ഇടപ്പോൺ കളരിക്കൽ വടക്കേതിൽ അഞ്ജനയാണ് (36) അറസ്റ്റിലായത്. രണ്ടാം പ്രസവത്തിൽ ജനിച്ച പെൺകുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. മൂന്നുവർഷം മുമ്പ് വിവാഹമോചനം നേടിയ യുവതി മൂന്ന് വയസുകാരനായ മകനൊപ്പമാണ് കുടുംബവീട്ടിൽ താമസിച്ചിരുന്നത്. മാതാവ് ആറുമാസം മുമ്പ് മരിച്ചു. രണ്ടാം ഭർത്താവ് കുരമ്പാല സ്വദേശിയാണെന്ന് പറയുന്നു. ഗർഭ ശുശ്രൂഷകൾക്ക് ആശുപത്രികളിൽ പോകാതെ വീട്ടിൽ സ്വയം പ്രസവിക്കുകയായിരുന്നു. തുടർന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് ആശാവർക്കറെ ഫോൺ ചെയ്ത് വരുത്തി. അവശനിലയിൽ കിടന്ന ഇവരെ ആശാവർക്കർ മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രസവ വിവരം ആശാ വർക്കറെ അറിയിച്ചിരുന്നില്ല. ഡോക്ടറുടെ പരിശോധനയിലാണ് ഇവർ പ്രസവിച്ച കാര്യം ബോദ്ധ്യമായത്. തുടർന്നുള്ള പരിശോധനയിൽ ഇവർ കൂടെ കരുതിയ ബാഗിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തു. ആലപ്പുഴയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയുടെ പിൻഭാഗത്തും കഴുത്തിലും മൂക്കിലും പരിക്കേറ്റതായി കണ്ടെത്തി. കരൾ തകർന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അഞ്ജന കുറ്റം സമ്മതിച്ചത്. ജനിച്ചുവീണ കുഞ്ഞ് ആദ്യമായി കരഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കി. രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇവരെ ഇന്നലെ വൈകിട്ടാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് മൊഴിയെടുത്ത ശേഷം മാവേലിക്കര കോടതിയിൽ ഹാജരാക്കി.