mery-sweety

കഴക്കൂട്ടം: ശബരിമല ദർശനത്തിന് ശ്രമിച്ച മേരി സ്വീറ്റിയുടെ കഴക്കൂട്ടത്തെ വീടാക്രമിച്ച രണ്ടുപേരെ തുമ്പ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അമ്പതോളം പേർക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് വീടാക്രമണവുമായി ബന്ധപ്പെട്ട സി.സി. ടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്.

മേരി സ്വീറ്റിയുടെ മാതാപിതാക്കൾ താമസിക്കുന്ന കഴക്കൂട്ടം മൈത്രി നഗറിലെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇവർ പിടിയിലായത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മേരി സ്വീറ്റി ശബരിമല ദർശനത്തിന് പുറപ്പെട്ട ദിവസമാണ് വീട് ആക്രമിക്കപ്പെട്ടത്.വീട്ടിലെത്തിയ സംഘം വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രാത്രിയോടെ മൂന്ന് ബൈക്കുകളിലായെത്തി വീടിന്റെ ജനാലകൾ തല്ലിതകർക്കുകയും ചെയ്തതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. മേരി സ്വീറ്റി താമസിക്കുന്ന മുരുക്കുംപുഴയിലെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മംഗലപുരം പൊലീസും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ ആരെയും പിടികൂടിയിട്ടില്ല.