rehna

കൊച്ചി: ശബരിമല ദർശനത്തിനായി സന്നിധാനത്തെ നടപ്പന്തൽ വരെയെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വസതി അടിച്ച് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം മൂന്ന് ദിവസം പിന്നിടുമ്പോഴും അക്രമികൾ കാണാമറയത്ത്. രഹ്ന താമസിക്കുന്ന പനമ്പള്ളി നഗറിലെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിന് സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളിലൊന്നും അക്രമികളെ കണ്ടെത്താനായില്ല. ഇതേ തുടർന്ന് ഈ പരിസരത്തെ കൂടുതൽ സി.സി.ടി.വി കാമറകൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. വീടാക്രമണത്തിന് പിന്നിൽ രണ്ടംഗ സംഘമാണെന്നാണ് വിവരം. ബൈക്കിലെത്തിയ ഹെൽമറ്റ് ധാരികളായ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സമീപവാസികളിൽ ചിലർ മൊഴി നൽകിയിട്ടുള്ളത്. അതേസമയം, ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

പൂട്ടിക്കിടന്ന വീടിന്റെ സിറ്റൗട്ടിലെ ജനാല ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ വരാന്തയിലുണ്ടായിരുന്ന കസേര, വ്യായാമത്തിനുള്ള സൈക്കിൾ, പാചകവാതക സിലിണ്ടർ എന്നിവ പുറത്തെടുത്ത് എറിയുകയായിരുന്നു. എറണാകുളം ബോട്ടുജെട്ടി ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സെന്ററിലെ ജീവനക്കാരിയായ രഹ്ന വെള്ളിയാഴ്ച രാവിലെയാണ് ശബരിമല കയറിയത്.