pinarayi-vijayan

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി വിദേശത്തേക്ക് യാത്ര തിരിക്കാനിരുന്ന മന്ത്രിമാർക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ചോദിച്ചു. യാചനയ്‌ക്കല്ല വിദേശത്തേക്ക് പോയത്. നമ്മുടെ നാടിന്റെ ഭാഗമായ സഹോദരങ്ങളിൽ നിന്ന് നാടിന്റെ പുനർനിർമ്മാണത്തിനുള്ള സഹായം എന്ന നിലയ്‌ക്കാണ് അവിടേക്ക് പോയത്. ഇതിന് അനുവദിക്കാതിരുന്നത് കേന്ദ്രത്തിന്റെ മുട്ടാപ്പോക്ക് സമീപനമായി മാത്രമെ കാണാൻ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

'ആദ്യഘട്ടങ്ങളിലുള്ള പ്രധാനമന്ത്രിയുടെ സമീപനം പ്രതീക്ഷാപരമായിരുന്നു. യാത്ര തിരിക്കുന്നതിന്റെ തലേന്ന് വരെ ആ വിശ്വാസം സംസ്ഥാന സർക്കാരിനുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്‌ച രാത്രിയാണ് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അനുമതിയില്ലെന്ന വിവരം അറിയിക്കുന്നത്. മുഖ്യമന്ത്രി, ബന്ധപ്പെട്ടവരുമായി സംസാരിച്ചാൽ പോലും പ്രയോജനമില്ലെന്ന മറുപടിയാണ് കേന്ദത്തിൽ നിന്ന് ലഭിച്ചത്.

കേരളത്തോട് മാത്രം എന്തിനാണ് ഈ നിലപാട്. ഇപ്പോൾ പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അവിടെ വലിയൊരു അപകടം നടന്നത്. എന്നാൽ അന്ന് പല വിദേശ രാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിച്ചിരുന്നു. നേരത്തെയുള്ള ഉത്തരവിനെ കൂട്ടുപിടിച്ചാണ് പറയുന്നതെങ്കിൽ, ആരെങ്കിലും സ്വയം സഹായിക്കാൻ മുന്നോട്ടു വന്നാൽ അത് സ്വീകരിക്കാമെന്ന് പ്രസ്‌തുത ഉത്തരവിൽ പറയുന്നുണ്ട്. അത് പലപ്പോഴും സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ നമുക്ക് മാത്രം എന്താണ് പ്രശ്‌നം. തേടിവന്ന സഹായം സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിന്റെ പുനർനിർമ്മാണത്തിന് അത് വലിയൊരു കൈത്താങ്ങാകുമായിരുന്നു.

സംസഥാനം രാജ്യത്തിന്റെ ഭാഗമല്ലേ. ഇത്തരത്തിലൊരു മുട്ടാപ്പോക്ക് നിലപാട് സ്വീകരിക്കാൻ പാടുണ്ടോ? പ്രധാനമന്ത്രി തന്നെ പറഞ്ഞ പലകാര്യങ്ങളും നടപ്പിലാകാതെ വരികയാണ്. ഇത് സംസ്ഥാനത്തിനെതിരായ നീക്കമാണ്' -മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾക്കെതിരെ കടുത്ത വിമർശനമാണ് പിണറായി വിജയൻ ഉന്നയിച്ചത്. കേരളത്തിന്റെ വളർച്ചയിൽ നാളിതുവരെയും ഒരു പങ്കും വഹിക്കാത്തവരാണ് ഇവിടുത്തെ ബി.ജെ.പിക്കാർ. അവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.