ലക്നൗ: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഡി തിവാരിയുടെ ഭൗതിക ശരീരത്തിന് മുൻപിൽവച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ബി.ജെ.പിക്ക് നേരെ രൂക്ഷവിമർശനം. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തിൽ എത്തിച്ചപ്പോഴായിരുന്നു യോഗിയുടെയും കൂട്ടരുടെയും ചിരി.
തിവാരിയുടെ ഭൗതികദേഹം ശനിയാഴ്ച രാവിലെയാണ് ലക്നൗവിലേക്ക് എത്തിച്ചത്. തുടർന്ന് ആദരാഞ്ജലി അർപ്പിക്കാനായി നിയമസഭാ മന്ദിരത്തിലെത്തിക്കുകയായിരുന്നു. ഈ ചടങ്ങിനിടെയുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ വൻ നാണക്കേടിലാണ് ബി.ജെ.പി.വീഡിയോയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഹാർ ഗവർണർ ലാൽജി ടണ്ഠനുമാണ് മുൻനിരയിൽ ഇരിക്കുന്നത്. മന്ത്രിമാരായ മൊഹസിൻ റാസയും അശുതോഷ് ടണ്ഠനും പിൻനിരയിൽ ഇരിക്കുന്നതും കാണാം. മന്ത്രിമാരോട് പുറകോട്ടുതിരിഞ്ഞ് എന്തോ കാര്യം മുഖ്യമന്ത്രി സംസാരിക്കുന്നതും പിന്നീട് എല്ലാവരും ചേർന്ന് പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ പ്രചരിച്ചതോടെ കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇത്തരം പരിപാടികൾ കേവലം ഫോട്ടോ എടുക്കാനുള്ള ചടങ്ങുകളല്ലെന്ന് ബി.ജെ.പി തിരിച്ചറിയണമെന്ന് കോൺഗ്രസ് പറഞ്ഞു. നേരത്തെ ബി.ജെ.പിയുടെ ഉന്നത നേതാവ് വാജ്പയിയുടെ മരണാന്തര ചടങ്ങിനിടയിലും സമാന സംഭവമുണ്ടായിരുന്നു.
ഇതാണ് ബി.ജെ.പിയുടെ യഥാർഥ മുഖമെന്ന് സമാജ് വാദി പാർട്ടിയും പ്രതികരിച്ചു. മനുഷ്യത്വത്തിൽ നിന്ന് എത്ര അകലെയാണ് അവരെന്നതാണ് ഇത് തെളിയിക്കുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും മൂല്യത്തെ കുറിച്ച് ഇവർക്ക് അറിയില്ല. രാഷ്ട്രീയം മാത്രമാണ് അവർക്ക് പ്രധാനപ്പെട്ടതെന്നും സമാജ് വാദി പാർട്ടി വക്താവ് ആരോപിച്ചു.