raju-narayana-swami
രാജു നാരായണസ്വാമി

ന്യൂഡൽഹി: കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാനും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ രാജു നാരായണ സ്വാമി ഐ.ഐ.ടി കാൺപൂരിന്റെ സത്യേന്ദ്ര കുമാർ ദുബെ മെമ്മോറിയൽ പുരസ്‌കാരത്തിന് അർഹനായി. മാനവീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഉയർന്ന നിലവാരം കാഴ്‌ചവച്ചതിനും സത്യസന്ധതയ്ക്കും ഒരു പൂർവ ഐ.ഐ.ടി വിദ്യാർത്ഥിക്ക് വർഷംതോറും നൽകുന്നതാണ് പുരസ്‌കാരം.

നവംബർ രണ്ടിന് ഇൻസ്‌റ്റിറ്റ്യൂട്ട് ഫൗണ്ടേഷൻ ദിനത്തിൽ ഐ.ഐ.ടി ഡയറക്‌ടർ പ്രൊഫ. അഭയ് കറണ്ടിക്കാർ പുരസ്‌കാരം നൽകും. 1991ബാച്ചിൽ പെട്ട കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഡോ. രാജു
നാരായണ സ്വാമി. വിവിധ ജില്ലകളിൽ കളക്ടർ, ഫിഷറീസ് ഡയറക്‌ടർ, കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ, മാർക്കറ്റ് ഫെഡ് എം.ഡി, സിവിൽ സപ്ലൈസ്‌ കമ്മിഷണർ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോത്പാദന കമ്മിഷണർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായിൽ സിംബാബ്‌വെ പൊതുതിരഞ്ഞെടുപ്പിനുള്ള അന്താരാഷ്‌ട്ര നിരീക്ഷകനായിരുന്നു.
കേരള സാഹിത്യ അക്കാഡമി പുരസ്‌കാരവും സൈബർ നിയമത്തിൽ ഹോമി
ഭാഭാ ഫെലോഷിപ്പും നേടിയിട്ടുണ്ട്. ഡിസംബറിൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ കേന്ദ്രനിരീക്ഷകനാണ്.