ig-sreejith

സന്നിധാനം: ശബരിമല ദർശനത്തിന് ശേഷം തന്ത്രി കണ്‌ഠരര് രാജീവരെ കണ്ട് വണങ്ങി ഐ.ജി ശ്രീജിത്ത്. തന്റെ വ്യക്തിപരമായ വിശ്വാസപ്രകാരം അയ്യപ്പനെ ദർശിച്ചതിന് ശേഷമാണ് താൻ തന്ത്രിയെ കണ്ടതെന്ന് ശ്രീജിത്ത് പ്രതികരിച്ചു. ദർശനത്തിന് ശേഷം റൂമിൽ തിരികെ എത്തിയ അദ്ദേഹം ഏറെ നേരം ധ്യാനനിരതനായിരുന്നു.

രാവിലെയാണ് ഐ.ജി ശബരിമലയിൽ ദർശനം നടത്തിയത്. തൊഴുകൈകളോടെ കണ്ണീരണിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. കേരളകൗമുദി ഓൺലൈൻ പുറത്തു വിട്ട ചിത്രം പിന്നീട് മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഒരുവശത്ത് പ്രതിഷേധം വ്യാപകമാകവെ മല ചവിട്ടാനെത്തിയ യുവതികൾക്ക് സുരക്ഷ ഒരുക്കിയത് ഐ.ജി: എസ്.ശ്രീജിത്തായിരുന്നു. മാസപൂജയ്ക്കായി ശബരിമല നട തുറന്നതു മുതൽ പമ്പയിലും സന്നിധാനത്തുമായി നിലകൊണ്ട ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സ്ത്രീകൾ സന്നിധാനം വരെ എത്തിയത്. സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിൽ എതിർപ്പുമായി നിന്ന ഭക്തരുടെ പ്രതിഷേധം സംഘർഷത്തിലേക്കും ക്രമസമാധാന പ്രശ്നത്തിലേക്കും വഴിമാറാതെ നോക്കിയതിൽ ശ്രീജിത്തിന്റേയും സംഘത്തിന്റേയും അവസരോചിതമായ ഇടപെടലും ഉണ്ടായിരുന്നു.