sarkar

ഈ വർഷത്തെ ദീപാവലി ആഘോഷത്തിന് ഇരട്ടി മധുരവുമായി എത്തുകയാണ് വിജയും വിജയ് ആന്റണിയും. വിജയ് മുരുകദോസ് ടീമിന്റെ സർക്കാരിനൊപ്പം തന്നെ എത്തുകയാണ് വിജയ് ആന്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷൻ എന്റർടെയ്‌നറായ തിമിരു പുടിച്ചവൻ. നവംബർ 9 മുതലാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുക .വിജയ് ആന്റണി നായകനായി അഭിനയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പൊലീസുകാരനായ മുരുകവേൽ എന്ന നായക കഥാ പാത്രമായാണ് വിജയ് ആന്റണി എത്തുന്നത്. നിവേദാ പെത്തുരാജാണ് നായിക. വിജയ് ആന്റണി ഫിലിം കോർപറേഷനു വേണ്ടി ഫാത്തിമാ വിജയ് ആന്റണി നിർമ്മിച്ച ചിത്രം നമ്പ്യാർ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഗണേശയാണ് സംവിധാനം ചെയ്യുന്നത്. ഒരു സംഭവ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഈ ചിത്രം.


വിജയ് നായകനാകുന്ന സർക്കാർ ചിത്രത്തിന്റെ ട്രെയിലറും ഫസ്റ്റ് സോംഗുമൊക്കെ പ്രേക്ഷകരിൽ ഇരട്ടി ആവേശം ഉയർത്തിയിരിക്കുകയാണ്. കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യോഗി ബാബു, രാധാരവി, പ്രേംകുമാർ തുടങ്ങി നിരവധി താരങ്ങളാണ് സർക്കാരിൽ ഉള്ളത്. എ.ആർ. റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ്. നവംബർ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.