rahul-and-modi-

ന്യൂഡൽഹി: 2019ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് ഉയർത്തിക്കാട്ടുമോ എന്നുള്ള ചർച്ച രാഷ്ട്രീയലോകത്ത് സജീവമായിരുന്നു. എന്നാൽ ഘടക കക്ഷികളോട് ചർച്ചചെയ്തതിന് ശേഷം മാത്രമെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തതയുമായി കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.ചിദംബരം രംഗത്തെത്തിയിരിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയോ മറ്റേതെങ്കിലും നോതാവിനെയോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടില്ലെന്ന് പി.ചിദംബരം പറഞ്ഞു.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയക്കുമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞില്ല. നേതാക്കൾ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തിയപ്പോൾ പാർട്ടി നേതൃത്വം ഇടപെട്ട് അത് തടഞ്ഞിരുന്നു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതാണ് പ്രധാനലക്ഷ്യം. സംസ്ഥാന തലങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കാനായാൽ രാഷ്ട്രീയ സാഹചര്യങ്ങൾ വലിയതോതിൽ മാറും. തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുന്നതിൽനിന്ന് പ്രാദേശിക പാർട്ടികളെ തടയുന്നതിന് കേന്ദ്രസർക്കാർ ഭീഷണിയുടെ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.