തിരുവനന്തപുരം: പ്രളയകാലത്ത് കേന്ദ്രസർക്കാർ വാങ്ങാൻ അനുമതി നൽകാതിരുന്ന യു.എ.ഇ സർക്കാരിന്റെ 700കോടിയേക്കാൾ അധികം തുകയുടെ സഹായം തന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ അവിടെനിന്ന് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം താൻ ആത്മവിശ്വാസത്തോടെ പറയുകയാണ്. യു.എ.ഇയുടെ 700 കോടി സഹായം രഹസ്യമല്ല. അത് കേന്ദ്രം നിഷേധിച്ചു. കേരളത്തെ രണ്ട് കൈയും നീട്ടി സഹായിക്കാൻ യു.എ.ഇ തയ്യാറാണ്. ഭവനനിർമ്മാണത്തിലടക്കം യു.എ.ഇ സഹായമുണ്ടാവും. കേരളം കഷ്ടപ്പെടാൻ യു.എ.ഇ ഒരിക്കലും അനുവദിക്കില്ലെന്നാണ് ദുബായ് സഹിഷ്ണുതാകാര്യ വകുപ്പ് കാബിനറ്റ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞത്. നവകേരളനിർമ്മാണത്തിനായി മൂന്ന് ഉന്നതതല സംഘങ്ങൾ യു.എ.ഇയിൽ നിന്നെത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.എ.ഇ സന്ദർശനം വൻ വിജയമായിരുന്നു. യു.എ.ഇ. ഭരണകൂടവും പ്രവാസികളും കേരളത്തോട് കാട്ടുന്ന സ്‌നേഹവായ്പും താൽപര്യവും നേരിട്ട് മനസിലാക്കാനായി. യു.എ.ഇ ഭരണകൂടത്തിലെ പ്രധാനികൾക്ക് കേരളത്തിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. യു.എ.ഇയിലെ പ്രധാനപ്പെട്ട മൂന്ന് ചാരിറ്റബിൾ, ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുകളുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായ്ദ് അൽ നഹ്യാന്റെ സഹോദരനും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായ്ദ് അൽ നഹ്യാനുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. ലോകത്തെ ഏറ്റവും വലിയ ചാരറ്റിബിൾ സ്ഥാപനങ്ങളിലൊന്നാണ് എമിറേറ്റ്സ് റെഡ് ക്രസന്റ്. പ്രളയമുണ്ടായപ്പോൾ തന്നെ റെഡ് ക്രസന്റ് സ്വന്തം നിലയ്ക്ക് കേരളത്തെ സഹായിക്കാൻ സംഭാവനകൾ സ്വീകരിച്ചിരുന്നു.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സയിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ പേരിലുള്ള സയിദ് ചാരിറ്റബിൾ ആന്റ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായും വിശദമായ ചർച്ച നടത്തി. ഫൗണ്ടേഷൻ ചെയർമാനും യു.എ.ഇ. പ്രസിഡന്റിന്റെ സഹോദരനുമായ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് ചർച്ചയ്‌ക്കെത്തി. പുനർനിർമിതിയുടെ രൂപരേഖ വിശദമായി ഇരുവരും ചോദിച്ചറിഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ച് എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പുലഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റി ആന്റ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഇബ്രാഹിം ബുമെൽഹ, ഭവനനിർമാണം ഉൾപ്പെടെയുളള കാര്യങ്ങളിൽ സഹായം ഉറപ്പുനൽകി. പ്രളയകാലത്ത് കേരളത്തിലേക്ക് അവശ്യസാധനങ്ങൾ അയച്ച ഫൗണ്ടേഷനാണിത്. ദുബായ് സഹിഷ്ണുതാകാര്യ വകുപ്പ് ക്യാബിനറ്റ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ കേരള സംഘത്തെ സ്വീകരിച്ചു. ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അബുദാബിയിൽ നടന്ന പൊതുയോഗത്തിൽ കേരളത്തോടുളള അകമഴിഞ്ഞ സ്‌നേഹം പരസ്യമായി പ്രകടിപ്പിച്ചു. ദുബായ് ക്യാബിനറ്റ് അഫയേഴ്സ് വകുപ്പ് മന്ത്രി മുഹമ്മദ് അൽ ഗർഗാവി അവധിയായിട്ടും വെള്ളിയാഴ്ച കേരള സംഘത്തെ സ്വീകരിക്കാൻ ഓഫീസിലെത്തി.
നിക്ഷേപവും വരും
മുബദല
പെട്രോകെമിക്കൽ സമുച്ചയം, ഡിഫൻസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക്, ഭക്ഷ്യസംസ്‌കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി എന്നിവയിൽ നിക്ഷേപം നടത്തും. യോജിപ്പുളള മേഖലകൾ കണ്ടെത്താൻ ഉന്നതതല സംഘം കേരളത്തിലെത്തും. നിക്ഷേപ അനുകൂല സമീപനത്തിൽ മുബദലയ്ക്ക് മതിപ്പ്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചെയർമാനായ മുബദലയ്ക്ക് മുപ്പതിലധികം രാജ്യങ്ങളിലായി 16ലക്ഷം കോടി നിക്ഷേപനിധിയുണ്ട്.
ഡി.പി. വേൾഡ്
സംയുക്തസംരംഭമായി ലോജിസ്റ്റിക് പാർക്, ഇൻഡ്സട്രിയൽ പാർക്ക് എന്നിവയിൽ മുതൽമുടക്കും. ഉൾനാടൻ ജലഗതാഗത പദ്ധതിയിൽ താത്പര്യം. ആഴം കുറഞ്ഞ ജലവിതാനത്തിലൂടെ സഞ്ചരിക്കാനുളള കപ്പലുകൾ അവർക്കുണ്ട്. തിരുവനന്തപുരം - കാസർകോട് ജലപാതാപദ്ധതിയുടെ ഭാഗമാവും. ചരക്ക് നീക്കം സുഗമമാക്കാൻ ചെറുകിട തുറമുഖങ്ങൾ വികസിപ്പിക്കാൻ തയ്യാർ. ഉന്നതതലസംഘം ഉടനെത്തും.
ദുബായ് ഹോഡിംഗ്
കൊച്ചി സ്മാർട് സിറ്റി നടപ്പിലാക്കുന്ന കമ്പനി. പുനർനിർമിതിക്ക് ഒരു കമ്പനിയെന്ന നിലയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും നൽകും. സ്മാർട് സിറ്റിയുമായി ബന്ധപ്പെട്ട് അവർ ഉന്നയിച്ചിട്ടുളള കാര്യങ്ങൾ പരിഗണനയിലാണ്. ചെയർമാൻ അബ്ദുളള ഹബ്ബായുമായും വിശദമായ ചർച്ച നടത്തി.