വെഞ്ഞാറമൂട് : വിധവയും, മുത്തശിയുടെ സഹോദരിയുമായ അറുപതുകാരിയെ ചായയിൽ ഉറക്കഗുളിക നൽകിയശേഷം മാനഭംഗപ്പെടുത്തുകയും സ്വർണമാല മോഷ്ടിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിലായി. കാട്ടായികോണം, ചന്തവിള സ്വദേശി അൽ അമീൻ (19) നെയാണ് വെഞ്ഞാറമൂട് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം വെട്ടു റോഡിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ ചന്തവിളക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 17 ന് രാവിലെ 11 ന് മുത്തശിയുടെ സഹോദരിയുടെ വീട്ടിലേയ്ക്ക് കടന്നുചെന്ന പ്രതി ചായയിൽ ഉറക്കഗുളിക കലക്കി നൽകി. തുടർന്ന് അബോധാവസ്ഥയിലായ ശേഷം മാനഭംഗപ്പെടുത്തി.
പിന്നീട് കഴുത്തിൽ കിടന്ന ഒരു പവന്റെ മാലയും പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. അവശനിലയിലായ വയോധികയ്ക്ക് പിറ്റേ ദിവസമാണ് ബോധം തിരിച്ചുകിട്ടിയത്.18 ന് ഹർത്താൽ ആയതിനാൽ 19 ന് ഇവർ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവും മകനും നേരത്തേ മരണപ്പെട്ടിരുന്നു. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ ആർ. വിജയൻ, എസ്.ഐ എം.സാഹിൽ, സി.പി.ഒമാരായ വി.എൽ. മഹേഷ്, എ. സജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.