തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അനൂകലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങൾ നടക്കവെ ശബരിമലയിൽ സുരക്ഷാചുമതലയുള്ള ഐ.ജി എസ്.ശ്രീജിത്ത് നിർമാല്യം തൊഴുന്ന ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. കണ്ണീരണിഞ്ഞ് ശബരിമല ശാസ്താവിനു മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്ന ശ്രീജിത്തിന്റെ ചിത്രം പകർത്തിയത്. കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിലെ ഫോട്ടോഗ്രാഫറായ അജയ് മധുവാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച ചരിത്ര വിധിയിലേക്ക് നയിച്ച നിയമ പോരാട്ടത്തിന്റെ വഴിയിൽ 28 വർഷം മുൻപ് കേരളകൗമുദി പ്രസിദ്ധീകരിച്ച ഒരു വിവാദ ഫോട്ടോ നാഴികക്കല്ലായതിന് സമാനമായാണ് ഇപ്പോൾ ഐ.ജിയുടെ ചിത്രവും തരംഗമായി മാറിയത്.
ആ ചിത്രം പകർത്തിയതിനെ കുറിച്ച് അജയ് പറയുന്നു:
പന്തളം രാജകുടുംബാംഗം ശശികുമാർ വർമ ദർശനത്തിനായി എത്തുന്നതിന്റെ ചിത്രം പകർത്താനെത്തിയതായിരുന്നു ഞാൻ. അഞ്ച് മണിക്ക് നട തുറന്നപ്പോൾ ശശികുമാർ വർമയുടെ ചിത്രം പകർത്താനൊരുങ്ങി. അപ്പോഴാണ് ഇളംനീല നിറത്തിൽ വെള്ള കള്ളികളുള്ള ടീ ഷർട്ട് ധരിച്ച് ഒരാൾ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ഐ.ജി എസ്.ശ്രീജിത്താണെന്ന് മനസിലായി. തൊഴുകൈകളുമായി നിൽക്കുന്ന ഐ.ജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല, കാമറ പലതവണ ക്ളിക്ക് ചെയ്തു. നിർമാല്യം തൊഴുത ശേഷം തന്ത്രിയുമായി അൽപസമയം സംസാരിച്ച ശേഷം പൊലീസുകാരുമൊത്ത് പന്പയിലേക്ക് മടങ്ങി, വീണ്ടും കർമനിരതനായി.
ഇത്രയും നല്ലൊരു ചിത്രം പകർത്താനായതും അത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതിലും സന്തോഷമുണ്ടെന്ന് അജയ് പറഞ്ഞു. ചിത്രം പകർത്തുമ്പോപോൾ ഇത് വൈറലാകുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും അജയ് പറഞ്ഞു. ശബരിമല ദേവസ്വം കമ്മിഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് സന്നിധാനത്ത് നടത്തിയതിന്റെ ഫോട്ടോ 1990 ആഗസ്റ്റ് 19ലെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. കേരളകൗമുദിക്ക് വേണ്ടി അന്ന് ഈ ചിത്രം എടുത്തത് എ.പി.ജോയി എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ്. ആചാരവിലക്ക് ലംഘിച്ച് യുവതികൾ ഒന്നിച്ച് സന്നിധാനത്ത് വന്നത് ആ വാർത്താ ചിത്രത്തിലൂടെയാണ് പുറം ലോകം അറിഞ്ഞത്. ഫോട്ടോയെടുത്ത് പമ്പയിലെ ഗസ്റ്റ് ഹൗസിൽ മടങ്ങിയെത്തിയതിന് പിറകേ ഫിലിം ആവശ്യപ്പെട്ട് ഉന്നത ദേവസ്വം ഉദ്യോഗസ്ഥനെത്തി. വിരട്ടിയിട്ടും വൻതുക ഓഫർ ചെയ്തിട്ടും ജോയി ഫിലിം കൊടുത്തില്ല. പത്രഫോട്ടോഗ്രാഫറാണെന്ന് മനസിലാക്കിയപ്പോൾ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്ന് അഭ്യർത്ഥിച്ചു. ഈ ലേഖകനടക്കമുള്ള മാദ്ധ്യമ പ്രവർത്തകർ വഴങ്ങിയില്ല.
അജയ് മധു
കേരളകൗമുദിയിൽ ചിത്രം വന്നതോടെ വിശ്വഹിന്ദുപരിഷത്ത് പ്രശ്നം ഏറ്റെടുത്തു. സന്നിധാനത്ത് സ്ത്രീകൾ കയറുന്നുവെന്നും ദേവസ്വം ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നുവെന്നും കാണിച്ച് ചങ്ങനാശേരി സ്വദേശി എസ്. മഹേന്ദ്രൻ 1990 സെപ്‌റ്റംബർ 24ന് ഹൈക്കോടതിയിൽ ഹർജി നൽകി. കേരളകൗമുദിയിൽ വന്ന ഫോട്ടോയും കോടതിയിൽ എത്തി. ഈ കേസിൽ യൗവ്വനയുക്തകളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് ആചാര വിശ്വാസങ്ങൾക്ക് എതിരാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും 1991 ഏപ്രിൽ 5ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ 15 വർഷത്തിന് ശേഷം 2006ലാണ് യംഗ് ലോയേഴ്സ് എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചതും സ്ത്രീകളെ പ്രായഭേദമന്യേ പ്രവേശിപ്പിക്കമമെന്ന് ഭരണഘടനാ ബഞ്ച് വിധിച്ചതും.