novel

പരമേശ്വരൻ, 'മുസാഫിർ സുബ്രഹ്മണ്യ ഈശോ' എന്ന കൽക്കിയെ തുറിച്ചുനോക്കി.
പുഞ്ചിരിച്ചുകൊണ്ട് അയാൾ കണ്ണിറുക്കി. പിന്നെ സാജന്റെ ഫോൺ അയാളുടെ ബോഡിക്ക് അരുകിലേക്കു തന്നെ ഇട്ടു.

അടുത്ത നിമിഷം വീണ്ടും അത് ശബ്ദിച്ചു. പക്ഷേ കൽക്കി എടുത്തില്ല. വിളിക്കുന്നത് എസ്.പി അരുണാചലം ആണെന്ന് അയാൾക്കറിയാം.
തന്റെ പേരു കേട്ടതിലെ അമ്പരപ്പ് മാറിയപ്പോൾ വിളിക്കുന്നതാവാം.

കൽക്കി, പരമേശ്വരന്റെ നേരെ തിരിഞ്ഞു:
''പോലീസ് പട ഉടനെയെത്തും. ചേട്ടൻ എല്ലാം തുറന്നു പറഞ്ഞേക്കണം. ആരെയും പേടിക്കണ്ടാ. അഥവാ ആരെങ്കിലും ചേട്ടനെ ദ്രോഹിക്കാൻ ശ്രമിച്ചാൽ... ദേ ഈ കിടക്കുന്നവന്റെ അനുഭവമായിരിക്കും.'

കൽക്കി, ടയർ സാജന്റെ ബോഡിക്കു നേരെ കൈ ചൂണ്ടി.

ശേഷം ബൈക്കിൽ കയറി. അതൊന്നു റെയ്സു ചെയ്തിട്ട് വലതുകാൽ തറയിൽ കുത്തി വട്ടം തിരിച്ചു. പലകച്ചെറ്റ തകർന്ന ഭാഗത്തുകൂടി ഒറ്റക്കണ്ണിൽ തീ എരിച്ചുകൊണ്ട് ബൈക്ക് പാഞ്ഞകന്നു...

കൃത്യം പത്തുമിനിട്ടു കഴിഞ്ഞപ്പോൾ എസ്.പി അരുണാചലത്തിന്റെ നേതൃത്വത്തിൽ ഒരു കാറും രണ്ട് പോലീസ് ജീപ്പുകളും പാഞ്ഞെത്തി.
മിന്നൽ വേഗത്തിൽ സംഘം റൈസ്മിൽ വളഞ്ഞു.
പലകകൾ തകർന്ന ഭാഗത്തുകൂടി എസ്.പിയും ഏതാനും കാക്കിധാരികളും കരുതലോടെ അകത്തെത്തി.

അവിടെ കത്തിനിന്നിരുന്ന മെഴുകുതിരികളുടെ വെളിച്ചത്തിൽ മുന്നിലെ കാഴ്ച കണ്ട് ഞെട്ടിപ്പോയി സകലരും...
പരമേശ്വരൻ വിനയപൂർവ്വം എസ്.പിക്കു മുന്നിലെത്തി.

''നിങ്ങൾ?' എസ്.പി നെറ്റിചുളിച്ചു.
''പരമേശ്വരനാ... കോളേജ് വാച്ചർ...'
''ഇതൊക്കെ ചെയ്തവനെവിടെ?'
അയാൾ ദൃഷ്ടികൾ ചുറ്റും പായിച്ചു.
''പോയി സാറേ...'

''അവൻ ഒറ്റയ്ക്കാണോ ഇത്രയും ചെയ്തത്?'
അരുണാചലത്തിനു വിശ്വസിക്കാനാവുന്നില്ല.
''അതെ സാറേ...'

എസ്.പി അമർത്തി മൂളി.

കൽക്കി കെട്ടിയിട്ടിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പലർക്കും നിവർന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
രണ്ട് പോലീസുകാരെ ടയർസാജന്റെ ബോഡിക്കരുകിൽ കാവൽ നിർത്തിയിട്ട് കസ്റ്റഡിയിൽ എടുത്തവരെയും പരമേശ്വരനെയും കൊണ്ട് പോലീസ് സംഘം മടങ്ങി.
എസ്.പി ഓഫീസ്.

എസ്.പിക്കു മുന്നിൽ പരമേശ്വരൻ കോളേജിൽ നടന്ന സംഭവവും റൈസ് മില്ലിലെ സംഭവവും ഒന്നും വിട്ടുപോകാതെ തുറന്നു പറഞ്ഞു.
''പോലീസ് കസ്റ്റഡിയിൽ ഉള്ളവന്മാർ തന്നെയാണ് സത്യനെ വധിച്ചതെന്ന് ഉറപ്പല്ലേ പരമേശ്വരാ?'

എസ്.പി മീശത്തുമ്പ് രണ്ടുവിരൽ കൊണ്ട് മുകളിലേക്കു തള്ളി.
''ആന്നു സാറേ.. ഈ കണ്ണുകൾ കൊണ്ട് ഞാൻ കണ്ടതാ.'
''ഉം.' കനപ്പിച്ചു മൂളിക്കൊണ്ട് എസ്.പി പുറത്തേക്കു പോയി.

ഒരൊഴിഞ്ഞ മുറിയിൽ ഉണ്ടായിരുന്ന കൊലയാളി സംഘത്തിൽ അവശേഷിച്ച ഏഴുപേരും.

എസ്.പി മുറിയിൽ പ്രവേശിച്ചയുടൻ വാതിൽക്കൽ കാവൽ നിന്നിരുന്ന രണ്ടു പോലീസുകാരും കൂടി അകത്തുകയറി വാതിൽ അടച്ചു.

കൊലയാളികൾ അരുണാചലത്തെ തുറിച്ചു നോക്കി.
അയാളുടെ കണ്ണുകൾ ഏഴുപേരിലൂടെയും സഞ്ചരിച്ചു.
ശരിക്കും മർദ്ദനമേറ്റിട്ടുണ്ട് അവർക്കെന്നു വ്യക്തം!

''പറയെടാ. നിങ്ങൾ എന്തിനാ ആ പയ്യനെ കൊന്നത്? ആരു പറഞ്ഞിട്ട്?'
എസ്.പി തിരക്കി.
ആരും ഉത്തരം നൽകിയില്ല. തല കുനിച്ചു നിന്നു.
കൂട്ടത്തിൽ അല്പം ദുർബലൻ എന്നു തോന്നിയ ഒരുവന്റെ അടുത്തേക്ക്
അരുണാചലം നീങ്ങി.

''എന്താടാ നിന്റെ പേര്?'
''അഷറഫ്. അയാൾ മന്ത്രിച്ചു.

''ശരി അഷറഫേ... നിനക്കൊക്കെ കിട്ടേണ്ടതിൽ അധികം കിട്ടിയിട്ടുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് എന്നെ ചീത്തയാക്കരുത്.'
അതൊരു മുന്നറിയിപ്പായിരുന്നു.

അഷറഫ് ഭിത്തിയിലേക്കു നോട്ടം മാറ്റി.
''ഇങ്ങോട്ടു നോക്കെടാ.' എസ്.പി അയാളുടെ താടിയിൽ ഒന്നു തട്ടി.
ശരിക്കു വേദനിച്ചതുപോലെ അഷറഫ് ഒന്നു ഞരങ്ങി.

''കേട്ടോ അഷറഫേ... ദേഷ്യം വന്നു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യും ഞാനെന്ന് എനിക്കുതന്നെ അറിയില്ല. അതുകൊണ്ട് എന്നെ ദേഷ്യം പിടിപ്പിക്കരുത്.'
അരുണാചലം അയാളുടെ തോളിൽ കൈവച്ചു.

തീപ്പൊള്ളൽ ഏറ്റതുപോലെ അയാൾ നിന്നു പുളഞ്ഞു.
എസ്.പി അയാളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി.
''ഇനി ഞാൻ ചോദിക്കുന്നതിന് ശരിയായ ഉത്തരം നൽകിയിരിക്കണം..' (തുടരും)