1. ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരായ ഹർജികൾ പരിഗണിക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി തീരുമാനം നാളെ. പുന പരിശോധനാ ഹർജികൾ കൂടാതെ ശബരിമലയിലെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരം സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിലുംകോടതി നാളെ തീരുമാനം അറിയിക്കും. ശബരിമലയിൽ അടിയന്തര സാഹചര്യം ഉണ്ടെന്നും ഹർജി ഉടൻ പരിഗണിക്കണം എന്നും അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാരസഭ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്.
2. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരങ്ങൾക്കും ഭരണഘടനാ അവകാശങ്ങൾക്കും എതിരെന്ന് റിട്ട് ഹർജിയിൽ ആരോപണം. ഇക്കാര്യങ്ങൾ പരിഗണിക്കാതെ ആണ് ഭരണഘടനാ ബെഞ്ച് ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചത്. സ്ത്രീ പ്രവേശനത്തിന് എതിരായ 19 പുനപരിശോധനാ ഹർജികൾ കൂടി പരിഗണിക്കണം എന്ന് ഒരു ഹർജിക്കാരന്റെ അഭിഭാഷകൻകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അത് പിന്നീട് തീരുമാനിക്കും എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്.
3. അതിനിടെ, ശബരിമലയിൽ ഇന്ന് എത്തിയ യുവതിയും ദർശനം നടത്താതെ മടങ്ങി. ഇരുമുടികെട്ട് ഇല്ലാത്തതിനാൽ സുരക്ഷ ഉറപ്പാക്കാൻ ആകില്ലെന്ന് പൊലീസ് നിലപാട് എടുത്തതോടെ ആയിരുന്നു മടക്കം.കോഴിക്കോട് സ്വദേശി ബിന്ദുവാണ് ശബരിമല കയറാൻ സുരക്ഷതേടി രാവിലെ എരുമേലി പൊലീസിനെ സമീപിച്ചത്. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കുശേഷം തുലാമാസ പൂജകൾക്കായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും.
4. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ മൊഴി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഫാ കുര്യാക്കോസ് കാട്ടുതറയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിന് സമീപം ദസ്വയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ഒരു വിഭാഗം വൈദികരുടെയും ബന്ധുക്കളുടെയും ആരോപണം. ബന്ധുക്കൾചേർത്തല ഡിവൈ.എസ്.പിക്ക് പരാതി നൽകി.
5. ബിഷപ്പിന് എതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ.കുര്യാക്കോസ് സഹായങ്ങൾ നൽകുകയും ഫ്രാങ്കോയ്ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്തിരുന്നു. വൈദികന് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ബന്ധുജോണി. താമസ സ്ഥലത്തിനുനേരെ കല്ലെറിയുകയും വാഹനം നശിപ്പിക്കുകയും ചെയതു എന്നും ആരോപണം. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജാമ്യത്തിൽ ഇറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ നിലവിൽ ജലന്ധറിലാണ് ഉള്ളത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് ജലന്ധർ രൂപത.
6. ഇന്ധന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്കിലേയ്ക്ക്. നവംബർ 15ന് സൂചനാ പണിമുടക്ക് നടത്താനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം. ഇന്ധന വില കുതിക്കുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധന ഇല്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തും എന്നും മുന്നറിയിപ്പ്.
7. ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ചത് വഴി വിവാദത്തിലായ ബി.എസ്.എൻ.എൽ ജീവനക്കാരി രഹ്ന ഫാത്തിമക്ക് എതിരെ വകുപ്പുതല നടപടി. പ്രാഥമിക നടപടി എന്ന നിലയിൽ രഹ്നയെ കൊച്ചിബോട്ട് ജെട്ടി ശാഖയിൽ നിന്ന് സ്ഥലം മാറ്റി. ബി.എസ്.എൻ.എൽ രവിപുരം ബ്രാഞ്ചിലേക്ക് ആണ് സ്ഥലം മാറ്റിയത്. രഹ്നക്ക് എതിരെ ആഭ്യന്തര അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാനാണ് ബി.എസ്.എൻ.എൽ തീരുമാനം.
8. അവസാനം അതും സംഭവിച്ചു. രാജ്യത്ത് ആദ്യമായി ഡീസൽ വില പെട്രോൾ വിലയെ മറി കടന്നു. ഒഡീഷയിലാണ് ഇന്ധന വിലയിലെ പുതിയ മാറ്റം. പെട്രോൾ ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 പൈസയും ആണ് ഇന്നത്തെ വില. അതായത് ഒരു ലിറ്റർ ഡീസലിന് പെട്രോളിനേക്കാൾ 13 പൈസ കൂടുതൽ.
9. രാജ്യ തലസ്ഥാനത്ത് വായു മലിനീകരണത്തിന്റെതോത് ഏറ്റവും ഉയർന്ന നിലയിൽ എന്ന് റിപ്പോർട്ട്. വായു ഗുണനിലവാര സൂചിക പ്രകാരം ഡൽഹിയിലെ മലിനീകരണത്തിന്റെതോത് ഇരുന്നൂറിലും കൂടുതൽ ആണ്. ഏറ്റവും കൂടുതൽ വായു മലിനീകരണം ദ്വാരകയിൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വയ്‌ക്കോൽ കത്തിക്കുന്നത് മൂലമാണ് ഈ മാസങ്ങളിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പുകമഞ്ഞും, വായു മലിനീകരണവും ഉണ്ടാകുന്നത്.
10.വേറിട്ട ഒരു കഥാപാത്രവുമായി എത്തുകയാണ് മമ്മൂട്ടി. കരിയറിൽ ആദ്യമായി കുള്ളന്റെവേഷത്തിൽ ആണ് മമ്മൂട്ടി അഭിനയിക്കാൻ ഒരുങ്ങുന്നത്.സോഹൻ സിനുലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥാകൃത്തുകൂടിയായ പി.വി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 2019ൽ ചിത്രീകരണം തുടങ്ങും എന്നാണ് വിവരം.
11. മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷമി വിവാഹിതയായി. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ചാണ് പാലാ സ്വദേശിയായ മിമിക്രി കലാകാരൻ അനൂപ് വിജയലക്ഷമിയെ താലി ചാർത്തിയത്. സെല്ലുലോയിഡ് എന്ന് ചിത്രത്തിലൂടെ ആണ് വിജയലക്ഷമി മലയാള സിനിമ രംഗത്ത് എത്തിയത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടിയിട്ടുള്ള വിജയലക്ഷമി മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.