poovar

പൂവാർ: അരുമാനൂരിലെ കൃഷിഭഴൻ കെട്ടിടം പുനഃർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങൾക്ക് മുൻപ് ഇവിടെ പ്രവർത്തിച്ച കെട്ടിടത്തിന്റെ ചുവരുകൾ വിണ്ടുകീറി, കമ്പികൾ പുറത്തേക്ക് തള്ളി ദ്രവിച്ച അവസ്ഥയിലായിരുന്നു. സക്തമായ കാറ്റോ മഴയോ വന്നാൽ ഏതുനിമിഷവും കെട്ടിടം തകരുമെന്ന ഘട്ടത്തിലാണ് കൃഷിഭവൻ ഇവിടെനിന്നും പഞ്ചായത്തിന്റെ ഗ്രന്ഥശാല ഹാളിലേക്ക് മാറ്റിയത്. കഴിഞ്ഞ ഡിസംബറിൽ അന്നത്തെ പൂവാർ പഞ്ചായത്ത് ഭരണസമിതി കൃഷിഭവൻ മാറ്രാനുള്ള തീരുമാനം എടുക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി കെട്ടിടം അടഞ്ഞുകിടക്കുകയാണ്. കെട്ടിടം പുതുക്കിപ്പണിയാനോ നവീകരിക്കാനോ ഉള്ള നടപടികളൊന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകാത്തതിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പഞ്ചായത്തും കൃഷി വകുപ്പും പരസ്പരം പഴിചാരി നിർമാണം നീട്ടിക്കൊണ്ടുപോകുകയാണെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി കൃഷിഭവൻ കെട്ടിടം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിലംപൊത്താറായി കെട്ടിടം

1996ൽ അരുമാനൂർ ദേവീക്ഷേത്രയോഗമാണ് കൃഷിഭവൻ നിർമ്മിക്കാൻ അഞ്ച്സെന്റ് സ്ഥലം നൽകിയത്. അന്നത്തെ എം.എൽ.എ ആയിരുന്ന ഡോ. നീലലേഹിതദാസിന്റെ ശ്രമഭലമായാണ് കൃഷിഭവൻ നിർമ്മിച്ചത്. 20 വർഷം പിന്നിട്ടതോടെ കെട്ടിടം തകർന്നുവീഴാറായ അവസ്ഥയിലായി. കെട്ടിടനിർമ്മാണത്തിലെ പാകപ്പിഴയാണ് ഈ തകർച്ചയ്ക്ക് കാരണമെന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.