khashogi

റിയാദ്: ഈസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് വധിക്കപ്പെട്ട മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണത്തിൽ അനുശോചനമറിയിച്ചുകൊണ്ട് സൗദി രാജാവ് സൽമാനും രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും അദ്ദേഹത്തിന്റെ മകനെ ഫോണിൽ ബന്ധപ്പെട്ടു. ഖഷോഗി വധത്തിന് സൗദി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം വർദ്ധിക്കവെയാണിത്.

ഇന്ന് തുർക്കി പാർലമെന്റിൽ ഖഷോഗി വധവുമായി ബന്ധപ്പെട്ട എല്ലാ നഗ്നസത്യങ്ങളും വെളിപ്പെടുത്തുമെന്ന് ഇന്നലെ തുർക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എർദോഗൻ വ്യക്തമാക്കിയിരുന്നു. ഖഷോഗി വധത്തിൽ സൗദി ഇന്ന് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് തുർക്കിയും രഹസ്യങ്ങൾ വെളിപ്പെടുത്താനൊരുങ്ങുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഈസ്താംബുൾ കോൺസുലേറ്റിലെ ജോലിക്കാരായ അഞ്ച് തുർക്കി പൗരൻമാർ മൊഴി നൽകുമെന്നും തുർക്കി മാദ്ധ്യമങ്ങൾ വ്യക്തമാകുന്നു.

ഖഷോഗിയുടെ കാമുകി ഹാത്തിസ് കെങ്കിസ് ഇപ്പോൾ 24 മണിക്കൂർ പൊലീസ് സുരക്ഷയിൽ കഴിയുകയാണ്.

ഈ മാസം 2ന് വിവാഹത്തിനാവശ്യമായ ഔദ്യോഗിക രേഖ കൈപ്പറ്റാനായി ഈസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തിയശേഷമാണു ഖഷോഗിയെ കാണാതായത്. കോൺസുലേറ്റിൽ വച്ച് ഉദ്യോഗസ്ഥരുമായുണ്ടായ വാതക്ക് തർക്കത്തിലും കൈയേറ്റത്തിലും കൊല്ലപ്പെട്ടെന്നാണ് നിലവിലെ വിശദീകരണം.