ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച ജലന്ധർ രൂപതാ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ ജലന്ധർ രൂപതയിലെ ഇടവക വികാരിയും റെക്ടറുമായിരുന്ന ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ജലന്ധറിനടുത്ത് ദസ്‌വ എന്നയിടത്തെ ചാപ്പലിലാണ് കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രക്തം ഛർദ്ദിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ മൃതദേഹത്തിൽ മുറിവുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മരണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് ജലന്ധർ എസ്.പി പറഞ്ഞു.
അതേസമയം, കുര്യാക്കോസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാർപാപ്പയ്ക്കും പരാതി നൽകിയവരിലും ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു. കന്യാസ്ത്രീകളുടെ സമരത്തെ ശക്തമായി പിന്തുണച്ച തനിക്ക് ഭീഷണിയുണ്ടായിരുന്നെന്ന് അദ്ദേഹം തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വധിക്കുമെന്ന് ഭീഷണി മുഴക്കിയുള്ള ഫോൺ കോളുകളും ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കാർ തല്ലിത്തകർത്തെന്നും ആളെ വിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നൽകിയതിനെ തുടർന്ന് അദ്ദേഹത്തെ തരം താഴ്‌ത്തി റെസിഡന്റ് പ്രീസ്റ്റ് മാത്രമാക്കി രൂപതയിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. വൈദികന്റെ മുറിയിൽ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. അദ്ദേഹത്തിന്റെ മരുന്നുകളും താറുമാറായി വലിച്ചെറിഞ്ഞിട്ടുണ്ട്. മുറിക്ക് പുറത്തുള്ള മതിലിന് സമീപത്ത് മദ്യകുപ്പികളും കണ്ടെത്തി. ഇത് ദുരൂഹതയേറ്റിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് ചാപ്പലിൽ ഉള്ളവർ ഫാദറിനെ അവസാനമായി കണ്ടത്. ഉച്ചഭക്ഷണത്തിന് ശേഷം പതിവ് പോലെ ഉറക്കത്തിനായി ഫാദർ മുറിയിലേക്ക് പോയി. അതിന് ശേഷം അദ്ദേഹത്തെ ജീവനോടെ ആരും കണ്ടിട്ടില്ല. വൈകിട്ട് അത്താഴത്തിനും അദ്ദേഹം എത്തിയില്ല. പലപ്പോഴും ഇങ്ങനെ എത്താതിരിക്കുന്നതിനാൽ തന്നെ ആരും അതത്ര കാര്യമാക്കിയിരുന്നില്ല. മൃതദേഹംകേരളത്തിൽ കൊണ്ടുവന്ന് സർക്കാർമേൽനോട്ടത്തിൽപോസ്റ്റ്‌മോർട്ടം നടത്തണമെന്ന് സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.