തിരുവനന്തപുരം: എ.ഐ.സി.സി മൂന്നാം ലിംഗക്കാരെ പോലെ പെരുമാറുന്നു എന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന്, മൂന്നാം ലിംഗ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള. ട്രാൻസ്ജെൻഡർ വിഭാഗത്തിനിടയിൽ ശ്രീധരൻപിള്ളയുടെ പ്രയോഗം പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മാദ്ധ്യമങ്ങളോട് കഴിഞ്ഞദിവസം സംസാരിക്കുന്നതിനിടെ ഞാൻ നടത്തിയ ഭാഷാപരമായ പ്രയോഗം ഒരു വിഭാഗത്തെ വേദനിപ്പിച്ചതായി അറിയുന്നു. ആ വിഭാഗത്തെ മോശമായി ചിത്രീകരിക്കാനോ അവരെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല എന്റെ പരാമർശം. അങ്ങനെ ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു - ശ്രീധരൻ പിള്ള പ്രസ്താവനയിൽ പറഞ്ഞു.