poovar-beach

പൂവാർ: പൂവാർ ബീച്ചിൽ മാലിന്യനിക്ഷേപം വ്യാപകമാകുന്നതായി നാട്ടുകാർ.കടലിലൂടെ ഒഴുകി വരുന്നതും പരിസരവാസികളും സഞ്ചാരികളും ഉപേക്ഷിക്കുന്നതുമായ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തീരത്ത് വലിയ കൂമ്പാരമായി മാറിയിരിക്കുകയാണ്. ബീച്ചിൽ സമയം ചെലവിടാനെത്തുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അഴുകിയ വസ്തുക്കൾ കാക്കകൾ കൊത്തിവലിച്ചും നായ്ക്കൾ കടിച്ചുകീറിയും പ്രദേശമാകെ മലിനമാക്കുകയാണ്. നാട്ടുകാർ നിരവധി തവണ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും പ്രയോജനമില്ല. ജൈവ- അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ കമ്പിക്കൂടുകൾ നിറഞ്ഞ് കവിഞ്ഞ് കിടക്കുകയാണ്. സമയോചിതമായി അവ എടുത്തു മാറ്റാൻ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. രാവിലെയും വൈകിട്ടും വിശ്രമത്തിനും വ്യായാമത്തിനുമായി നൂറുകണക്കിനാളുകൾ ഇവിടെ വരുന്നുണ്ട്. പ്രാഥമികാവശ്യങ്ങൾ നടത്താനോ മഴ പെയ്താൽ ഒതുങ്ങി നില്ക്കാനോ ഉള്ള സൗകര്യമില്ല. ഈ ഭാഗങ്ങളിൽ പഞ്ചായത്ത് പുറമ്പോക്ക് ഭൂമി നിരവധി ഉണ്ടായിട്ടും സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാട്ടുകയാണ്. പൂവാർ പോലീസിന്റെ സഹായമുള്ളതിനാൽ പാലത്തിന് സമീപം ഇപ്പോൾ സംരക്ഷിതമാണ്. അതുപോലെ പൂവ്വാർ ബീച്ചും പരിസരവും മാലിന്യമുക്തമാക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്ന് പ്രദേശത്തെ സാംസ്കാരിക സംഘടനകൾ ആവശ്യപ്പെടുന്നു.