ന്യൂഡൽഹി: 'കോടിക്കണക്കിന് പട്ടിണിക്കാരുടെ' ഇന്ത്യയെന്ന സിനിമാ ഡയലോഗ് തത്കാലം നമുക്ക് മറക്കാം.
രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം അങ്ങ് വച്ചടി വച്ചടി ഉയരുകയാണ്. അഞ്ചും പത്തുമല്ല ഒന്നര ലക്ഷത്തോളമായാണ് കോടിപതികളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം ഉയർന്നത്.
ദേശീയ പ്രത്യക്ഷ നികുതി ബോർഡാണ് ഇവരുടെ കണക്ക്. പുറത്തു വിട്ടത്.
കഴിഞ്ഞ നാലുവർഷക്കാലയളവിൽ ഒരുകോടിയിലധികം വാർഷിക വരുമാനമുള്ളവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായത് 68 ശതമാനമാണ്. 2017-18 സാമ്പത്തിക വർഷം ആകെ നികുതി ദായകരിൽ 1,40139 പേരാണ് തങ്ങളുടെ വാർഷിക വരുമാനം ഒരു കോടിയിലധികമെന്ന് കാണിച്ചിരിക്കുന്നത്.
' 2014-15 സാമ്പത്തിക വർഷത്തിൽ നികുതി അടച്ചവരിൽ 88, 649 പേർ തങ്ങളുടെ വാർഷിക വരുമാനം ഒരു കോടിയിലേറെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 1,40,139 പേരാണ് 2017-18 വർഷം വരുമാനം ഒരു കോടിയിലേറെയുള്ളത്. 60 ശതമാനത്തോളമാണ് വളർച്ച കാണിക്കുന്നത് ' ദേശീയ പ്രത്യക്ഷ നികുതി ബോർഡ് വക്താവ് വ്യക്തമാക്കി.
നാലു വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ കണക്കുകൾ. ഇക്കാലയളവിൽ നിയമ നിർമാണം, ബോധവത്കരണം, എൻഫോഴ്സ്മെന്റ് നടപടികൾ കർക്കശമാക്കിയിരുന്നു. വരുമാനം വെളിപ്പെടുത്താൻ കൂടുതൽ പേർ നിർബന്ധിതരാകുകയായിരുന്നു.
സുശീൽ ചന്ദ്ര,
ദേശീയ പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ
നികുതി അടക്കുന്നവർ കൂടി
വരുമാന നികുതി അടക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ നാലുവർഷക്കാലയളവിൽ വർദ്ധനയുണ്ട്. 80 ശതമാനം. 3.79 കോടിയാളുകൾ 2013-14 ൽ നികുതി അടച്ചപ്പോൾ 2017-18 ൽ ഇത് 6.85 കോടിയായി.