ms-dhoni

തിരുവനന്തപുരം: 2019 തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതോടെ കേന്ദ്രത്തിൽ ഭരണത്തുടർച്ച നേടാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. ഇതിനായി രാജ്യത്തിന്റെ എല്ലാ കോണുകളിലും പഴുതടച്ച പ്രചാരണ പരിപാടികളും ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. കേരളത്തിലടക്കം പ്രമുഖ വ്യക്തിത്വങ്ങളെ അണിനിരത്തി വിപുലമായ സ്ഥാനാർത്ഥി നിരയെ അണിനിരത്താനാണ് ബി.ജെ.പിയുടെ നീക്കം. നടൻ മോഹൻലാൽ അടക്കമുള്ളവർ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബി.ജെ.പിയോ താരമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌ടൻ മഹേന്ദ്ര സിംഗ് ധോണിയും സഹതാരം ഗൗതം ഗംഭീറും ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുമെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നത്. ഈ വാർത്തയിലെ സത്യാവസ്ഥ കേരള കൗമുദി ഓൺലൈൻ പരിശോധിക്കുന്നു.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ധോണിയെയും ഗംഭീറിനെയും ഇതിനോടകം തന്നെ കണ്ടതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരങ്ങളുടെ പ്രശസ്തിയും രാജ്യത്ത് ഇവർക്കുള്ള സ്വീകാര്യതയും മുതലെടുത്ത് അനുകൂല തരംഗമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ക്രിക്കറ്റ് രംഗത്ത് രാജ്യത്തിന് വേണ്ടി നിരവധി നേട്ടങ്ങൾ കൊയ്‌ത താരങ്ങൾ താമര ചിഹ്നത്തിൽ പ്രചാരണത്തിന് ഇറങ്ങിയാൽ പാർട്ടിക്ക് വൻ മുതൽക്കൂട്ടാകുമെന്നാണ് അമിത് ഷായുടെയും കൂട്ടരുടെയും കണക്കുകൂട്ടൽ.

dhoni-gambhir

എവിടെ നിന്നും മത്സരിക്കും?

ഡൽഹി ലോക്‌സഭാ മണ്ഡ‌ലത്തിൽ നിന്നും ബി.ജെ.പിയുടെ മീനാക്ഷി ലേഖിയ്‌ക്ക് പകരം ഗംഭീറിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകയായിരുന്ന മീനാക്ഷിയുടെ പ്രവർത്തനത്തിൽ മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടർമാരും അതൃപ്‌തി രേഖപ്പെടുത്തിയതും ഇവിടെ മറ്റൊരു മുഖത്തെ പരീക്ഷിക്കാൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് രംഗത്തിന് പുറമെ സാമൂഹിക വിഷയങ്ങളിലും നിർണായക ഇടപെടൽ നടത്തുന്നതാണ് ഗംഭീറിന് നറുക്ക് വീഴാൻ കാരണം. എന്നാൽ ധോണിയെ എവിടെ നിന്നാണ് മത്സരിപ്പിക്കുന്നതെന്ന കാര്യത്തിൽ വിശദീകരണമില്ല. ഇക്കാര്യത്തിൽ താരങ്ങളോ ബി.ജെ.പി നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

modi-amit-sha

മോദി പ്രഭാവം അവസാനിച്ചെന്ന് പ്രതിപക്ഷം

അതേസമയം, പ്രമുഖ വ്യക്തിത്വങ്ങളെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ബി.ജെ.പിയുടെ നീക്കം തോൽവി ഭയന്നാണെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. 2014ൽ മോദി പ്രഭാവം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ഇനിയും മോദിയുടെ പേരുപയോഗിക്കാൻ പേടിയാണ്. നോട്ടുനിരോധനം അടക്കമുള്ള വിഷയങ്ങളിൽ ഏറെ വിമർശനം നേരിട്ട മോദിയുടെ ജനപിന്തുണ കുറ‌ഞ്ഞതായും ഇക്കൂട്ടർ ആരോപിക്കുന്നു.