തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായിരിക്കെ ശബരിമലയുടെ ആദ്യ പൂജാരി കരമലയരയാണെന്നും 1902 മുതലാണ് താഴമൺ മഠംകാർ ശബരിമലയുടെ പൂജാരിമാരായി വരുന്നതെന്നും ചരിത്രാന്വേഷകനും എെക്യമലയര മഹാസഭാ നേതാവുമായ പി.കെ സജീവ്. മലയാളത്തിലെ ഒരു സ്വകാര്യ ചാനലിൽ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പൂർവികരെയെല്ലാം ജാതി പറഞ്ഞ് അവിടെ നിന്ന് ഓടിച്ചതാണെന്നും അതിന്റെ പ്രതിനിധികളാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ശബരിമലയുടെ ആദ്യ പൂജാരി കരിമലയരയനാണ്. രണ്ടാമത്തെ പൂജാരി താളനാനി അരയനാണ്. മൂന്നാമത്തെ പൂജാരി കോർമൻ അരയനും.പിന്നീട് 1902 മുതലാണ് താഴമണ്‍ മഠംകാർ ശബരിമല അയ്യന്റെ പൂജാരിമാരായി വരുന്നത്. ശബരിമലയിലെ ഒന്നാമത്തെ പടി കമഴ്‌ത്തി വെച്ചിരിക്കുകയാണ് അതിൽ കരിമലയരയൻ വക എന്ന് കൊത്തിവെച്ചിരിക്കുകയാണ്""- സജീവ് വ്യക്തമാക്കി.