കോഴിക്കോട് : കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തെ കോഴിക്കർഷകർക്കും ഉപഭോക്താക്കൾക്കും ഉണർവേകാൻ 'കേരള ചിക്കൻ' ഡിസംബർ 20ന് വിപണിയിലെത്തും. വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് നിർവഹിക്കും. ആഘോഷ കാലത്തും അല്ലാത്തപ്പോഴും കിലോയ്‌ക്ക് 140 രൂപയാകും വില. കർഷകർക്ക് മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കും.
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കർഷകർ രൂപീകരിച്ച പൗൾട്രി ഫാർമേഴ്സ് ഫെഡറേഷനാണ് 'കേരള ചിക്കൻ' എന്ന ബ്രാൻഡിൽ കോഴി ഇറച്ചി വിപണിയിലെത്തിക്കുന്നത്. തുടക്കത്തിൽ നാലു ജില്ലകളിൽ 100 വീതം 'കേരള ചിക്കൻ' സ്റ്റാളുകളുണ്ടാകും. കച്ചവടക്കാരന് കിലോയ്‌ക്ക് 11 രൂപ ലാഭം കിട്ടും. വിജയിച്ചാൽ ബാക്കി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അവശിഷ്ടം ഫെഡറേഷൻ തന്നെ ശേഖരിക്കും. ഇത് ഫെഡറേഷന്റെ നേതൃത്വത്തിൽ വയനാട്ടിൽ ആരംഭിക്കുന്ന ഫാക്ടറിയിൽ വളമാക്കും.
പ്രവർത്തനം
'കേരള ചിക്കനായി" നാല് ജില്ലകളിലും 100 വീതം കർഷകരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് ഫെഡറേഷന്റെ പൊള്ളാച്ചിയിലുള്ള ഹാച്ചറിയിൽ നിന്ന് 2000 വീതം കോഴിക്കുഞ്ഞുങ്ങൾ നൽകും. ഒപ്പം തീറ്റയും പ്രതിരോധ മരുന്നുകളും നൽകും. തുടർന്ന് കുഞ്ഞുങ്ങളെ വളർത്തി ഫെഡറേഷന് നൽകണം. വളർത്തുകൂലിയായി കിലോയ്‌ക്ക് 11 രൂപ വീതം കർഷകർക്ക് നൽകും. വർഷത്തിൽ ആറു തവണയാണ് കോഴിക്കുഞ്ഞുങ്ങളെ നൽകുന്നത്.
വിപണനം
'കേരള ചിക്കൻ" തിരഞ്ഞെടുത്ത വ്യാപാരികൾ മറ്റൊരു ഇറച്ചിയും വിൽക്കരുത്. ഇവരിൽ നിന്ന് അഡ്വാൻസായി 80,000 രൂപ വാങ്ങും. ഇറച്ചി ശാസ്ത്രീയമായി വെട്ടാനുള്ള ഉപകരണങ്ങൾ ഫെഡറേഷൻ നൽകും.
ലക്ഷ്യം
സംസ്ഥാനത്തെ കോഴിക്കർഷകരെയും ഉപഭോക്താക്കളെയും ഇതരസംസ്ഥാനങ്ങളിലെ വൻ ലോബികൾ ചൂഷണം ചെയ്യുന്നത് തടയുകയാണ് 'കേരള ചിക്കന്റെ" ലക്ഷ്യം. സീസണിൽ വില വർദ്ധിപ്പിക്കുകയും, സംസ്ഥാനത്തെ കർഷകരുടെ ഉത്പന്നം വിപണിയിലെത്തുമ്പോൾ ഇറച്ചിവില ഇടിക്കുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ തന്ത്രം. 'കേരള ചിക്കന്റെ" വരവോടെ ഇതൊഴിവാകും.