ടോക്കിയോ: ജപ്പാൻ പൗരനായ സമുദ്ര ജീവശാസ്ത്രജ്ഞനും രസതന്ത്ര നോബൽ സമ്മാന ജേതാവുമായ ഒസാമു ഷിമോമുറ അന്തരിച്ചു. 90 വയസായിരുന്നു. കാൻസർ പഠനത്തിന് മുതൽക്കൂട്ടായ ജെല്ലിഫിഷ് പ്രോട്ടീൻ വികസിപ്പിച്ചെടുത്തതിനാണ് 2008ൽ ഷിമോമുറയ്ക്ക് നോബൽ സമ്മാനം ലഭിച്ചത്.
വടക്കൻ ക്യോട്ടോയിൽ 1928ലാണ് ഷിമോമുറ ജനിച്ചത്. നാഗസാക്കിയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസവും ഉപരിപഠനവും. 1945ൽ നാഗസാക്കിയിൽ യു.എസ് അണുബോംബ് വർഷിച്ചപ്പോൾ ഷിമോമുറ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ലോക ദുരന്തത്തെ അതിജീവിച്ച അദ്ദേഹത്തിന് ഹൈസ്കൂൾ പഠനം പാതിവഴിയിൽ നിറുത്തേണ്ടി വന്നെങ്കിലും പിന്നീട് പുനഃരാരംഭിച്ചു. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലായിരുന്നു ഗവേഷണം.