പമ്പ: തുലാമാസ പൂജ അവസാനിക്കുന്നതിന് മുമ്പ് പുരുഷ വേഷത്തിൽ യുവതികളെത്തുമെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് സന്നിധാനത്ത് ഭക്തരുടെ പ്രതിഷേധം. പടിപൂജയ്‌ക്കിടെ പുരുഷ വേഷത്തിലെത്തിയ ഒരു യുവതി സന്നിധാനത്തേക്ക് ഓടിക്കയറിയെന്ന് ചിലർ പറഞ്ഞതോടെയാണ് സന്നിധാനത്തുണ്ടായിരുന്നവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ ഇത് വ്യാജ പ്രചാരണമാണെന്നും യുവതികൾ ശബരിമലയിലെത്തിയിട്ടില്ലെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
രാത്രി ഏഴരയോടെയാണ് യുവതികൾ സന്നിധാനത്ത് എത്തിയെന്ന അഭ്യൂഹങ്ങൾ പരന്നത്. ഇതോടെ സന്നിധാനത്തുണ്ടായിരുന്ന ഏതാണ്ട് രണ്ടായിത്തോളം വരുന്ന പ്രതിഷേധക്കാർ ശരണ മന്ത്രങ്ങളുമായി സന്നിധാനത്തിന് ചുറ്റും കൈകൾ കോർത്ത് നിൽക്കാൻ തുടങ്ങി. സന്നിധാനത്ത് പ്രതിഷേധം അനുവദിക്കില്ലെന്നും പിന്മാറണമെന്നും പൊലീസ് നിലപാടെടുത്തു. ശക്തമായ പരിശോധന കടന്ന് യുവതികൾ സന്നിധാനത്ത് എത്തില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് സന്നിധാനത്ത് കൂടുതൽ തിരച്ചിൽ നടത്താമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിച്ച് ഇവർ പിൻമാറുകയായിരുന്നു.