rakesh-asthana

ന്യൂഡൽഹി : സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്‌താനക്കെതിരെയുള്ള അഴിമതിക്കേസിൽ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദർ കുമാറിനെയാണ് കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. വ്യാപാരിയായ മോയിൻ കുമാറിനെതിരെയുള്ള കേസിലെ തെളിവുകൾ അട്ടിമറിച്ചു എന്ന അരോപണത്തിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നടത്തിയ മൊഴിയെടുപ്പിൽ വ്യാപാരിയായ സതിഷ് സനയുടെ വാക്കുകളിൽ കൃത്രിമം കാണിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് ദേവേന്ദർ കുമാറിനെതിരെയുള്ള ആരോപണം.

സി.ബി.ഐ മേധാവി അലോക് വെർമ്മയ്ക്കെതിരെ അസ്‌താന നടത്തിയ ആരോപണങ്ങൾക്ക് തെളിവുണ്ടാക്കാനാണ് ദേവേന്ദ്ര കുമാർ ഇത് ചെയ്തത് എന്നാണ് സി.ബി.ഐ കരുതുന്നത്. കുറ്റാരോപിതരായ മറ്റു ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതായി സി.ബി.ഐ അറിയിച്ചു. സി.ബി.ഐ മേധാവി അലോക് വെർമ്മ വ്യാപാരിയായ സതിഷ് സനയിൽ നിന്ന് 2 കോടി കോഴ വാങ്ങിയതായി രാകേഷ് അസ്താന ആരോപിച്ചിരുന്നു.

അതിനിടെ സി.ബി.ഐയിൽ നടക്കുന്ന ഉൾപ്പോരിൽ വിശദീകരണം ആവശ്യപ്പെട്ട് അലോക് വെർമ്മെയയും രാകേഷ് അസ്താനെയയും പ്രധാന മന്ത്രി നരേന്ദ്ര മോദി വിളിച്ചു വരുത്തി. സ്വന്തം ഉദ്യോഗസ്ഥർക്കെതിരായ കേസുകളിൽ നടപടി സ്വീകരിക്കുന്നതിനുള്ള അനുമതി സി.ബി.ഐ നേടിയിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ മന്ത്രാലയം നൽകുന്ന സൂചന. അഖ്തർ ഖുറേഷിയിൽ നിന്ന് രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന കേസിൽ അസ്താനയും ഇന്ത്യൻ ചാര സംഘടനയായ 'റോ'യിലെ രണ്ടാമൻ സാമന്ത് കുമാർ ഗോയലും പ്രതികളാണ്.