തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി വിഷയത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് കത്ത് നൽകി. ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 49 ബസുകൾ ആണ് പ്രതിഷേധക്കാർ അടിച്ച് തകർത്തത്.
ബസുകൾ തകർന്നതും ട്രിപ്പുകൾ മുടങ്ങിയതും ഉൾപ്പെടെ 1.25 കോടിയുടെ നഷ്ടമാണു കോർപറേഷനുണ്ടായത്. പമ്പയിലെ പ്രതിഷേധ സമരത്തിലുണ്ടായ നഷ്ടം 63,0500യും മറ്റുള്ള സ്ഥലങ്ങളിലെ പ്രതിഷേധത്തിൽ 89,000 രൂപയുടെയും നഷ്‌ടമുണ്ടായി. ബസുകൾക്ക് തകരാർ സംഭവിച്ചതിലെ നഷ്ടം 7,19,500 രൂപയാണ്. പന്പയിൽ മാത്രം 23 ബസുകളാണ് ആക്രമികൾ തകർത്തത്.
സർക്കാരിന്റെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും വസ്തുവകകൾ പ്രതിഷേധത്തിന്റെ ഭാഗമായി തകർക്കപ്പെട്ടാൽ ആ നഷ്ടം ആക്രമണത്തിന് നേതൃത്വം നൽകിയോ വ്യക്തികളിൽ നിന്നോ സംഘടനകളിൽ നിന്നോ ഈടാക്കണമെന്ന് 2003ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് ഹെെക്കോടതിയും സർക്കാരിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാതെ ജാമ്യം നൽകരുതെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടത്.