mannarasala

ഹരിപ്പാട്: സ്ത്രീകൾ മുഖ്യപൂജാരിണികളായ മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രത്തിലെ ആയില്യം മഹോത്സവം പരമ്പരാഗത അനുഷ്ഠാനങ്ങൾ പാലിച്ച് 30, 31, നവംബർ ഒന്ന് തീയതികളിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാരമ്പര്യവിധി പ്രകാരം ആയില്യത്തിന് മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും ചാർത്തുന്ന നാലുദിവസത്തെ കളഭമുഴുക്കാപ്പ് പൂർണമാകുന്ന പുണർതം നാളായ 30ന് സന്ധ്യയ്ക്ക് മഹാദീപക്കാഴ്ചയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ക്ഷേത്രകലകളുടെ പ്രോത്സാഹനത്തിനും ഈ കലകളിലെ അഗ്രഗണ്യരെ ആദരിക്കാനുമായി ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള മണ്ണാറശ്ശാല ശ്രീ നാഗരാജ പുരസ്കാര സമർപ്പണം 30ന് വൈകിട്ട് മൂന്നിന് നടക്കും. ആറാമത് മണ്ണാറശാല ശ്രീ നാഗരാജ പുരസ്കാരം ആയാംകുടി കുട്ടപ്പമാരാർ (വാദ്യം), തൃശൂർ വി. രാമചന്ദ്രൻ (ഗീതം), കലാമണ്ഡലം രാമചാക്യാർ (നാട്യം), കലാമണ്ഡലം സരസ്വതി (നൃത്തം) എന്നിവർക്ക് ചടങ്ങിൽ സമ്മാനിക്കും. വൈകിട്ട് 5ന് നടതുറന്ന് മഹാദീപക്കാഴ്ച, രാത്രി 7.30ന് ഡോ.നീനാപ്രസാദ് അവതരിപ്പിക്കുന്ന നടനാഞ്ജലി.

പൂയം നാളായ 31ന് രാവിലെ 5.30ന് ഹരിനാമകീർത്തനം, 6ന് ഭാഗവതപാരായണം, 8ന് ഗുരു രമാദേവിയുടെ അദ്ധ്യാത്മ പ്രഭാഷണം, 9ന് കെ. സുരേന്ദ്രൻ അവതരിപ്പിക്കുന്ന അഷ്ടപദി, 9.30ന് ദർശന പ്രധാനമായ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണംചാർത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള പൂയംനാളിലെ ഉച്ചപൂജ, 10.30ന് എം. മുത്തുകൃഷ്ണ നയിക്കുന്ന സംഗീതക്കച്ചേരി, ഉച്ചയ്ക്ക് 11 മുതൽ ക്ഷേത്രം വക സ്കൂൾ അങ്കണത്തിൽ പ്രസാദമൂട്ട്, 12.30ന് അമ്പലപ്പുഴ സുരേഷ് വർമ്മ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 2ന് വേദിക് അക്കീരമിറ്റത്തില്ലം, അശ്വിൻ പിച്ചകശേരി ഇല്ലം, ഗായത്രി പിച്ചകശേരി ഇല്ലം എന്നിവർ പങ്കെടുക്കുന്ന തായമ്പക, 3.30ന് ഇളയിടം ദേവനാരായണന്റെ സംഗീതക്കച്ചേരി, വൈകിട്ട് 5ന് പൂയംതൊഴൽ, വേദിയിൽ കലാമണ്ഡലം ജിഷ്ണുപ്രതാപിന്റെ ചാക്യാർകൂത്ത്, 6.30ന് താമരക്കാട് ഗോവിന്ദൻ നമ്പൂതിരി നയിക്കുന്ന സംഗീതസദസ്, രാത്രി 9.30ന് കലാമണ്ഡലം ഗോപി നയിക്കുന്ന കഥകളി; കഥ-1 നളചരിതം ഒന്നാം ദിവസം, കഥ- 2 ദക്ഷയാഗം.

ആയില്യം നാളായ നവംബർ ഒന്നിന് വെളുപ്പിന് 4ന് നിർമ്മാല്യദർശനം, 6ന് ഭാഗവതപാരായണം, 8ന് ഹരിപ്പാട് ദേവസേന ഭജൻസിന്റെ ഭക്തിഗാനമഞ്ജരി, 9ന് ഹരിപ്പാട് സാരംഗ ഡാൻസ് ആൻഡ് മ്യൂസിക് അക്കാഡമിയുടെ നൃത്തനൃത്യങ്ങൾ, 10 മുതൽ ക്ഷേത്രം വക സ്കൂളിൽ മഹാപ്രസാദമൂട്ട്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തിയുള്ള ആയില്യം നാളിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രനടയിൽ എരവത്ത് അപ്പുമാരാരും സംഘവും, അമ്പലപ്പുഴ വിജയകുമാറും സംഘവും അവതരിപ്പിക്കുന്ന വിവിധ മേള വാദ്യങ്ങളുടെ സേവ നടക്കും. തുടർന്ന് വൈകിട്ട് 4 വരെ ദർശനം, രാവിലെ 10.30ന് വേദിയിൽ ചേപ്പാട് ശിവപ്രസാദും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്, 12.30ന് ഹരിപ്പാട് കേരളവർമ്മ അക്ഷരശ്ളോക സമിതി, മാന്നാർ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യസമിതി എന്നിവരുടെ അക്ഷരശ്ളോക സദസ്, ഉച്ചയ്ക്ക് 1.30ന് പി.പി. ചന്ദ്രൻമാസ്റ്ററുടെ പാഠകം, 3ന് ഡോ.എസ്. ഹരിഹരൻനായർ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, വൈകിട്ട് 5ന് ഒറ്റപ്പാലം അംഗന കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, രാത്രി 7ന് 40 പ്രതിഭകൾ അണിനിരക്കുന്ന എറണാകുളം സിദ്ധി സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ എസ്. നാഗദാസ്, എൻ. ജയദേവൻ, ഡോ.എം.പി. ശേഷനാഗ് എന്നിവർ പങ്കെടുത്തു.