തിരുവനന്തപുരം: ശബരിമല അടച്ചിടാനുള്ള അവകാശമുണ്ടെന്ന് പന്തളം കൊട്ടാരത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. പന്തളത്ത് തോർത്തിട്ട് നടക്കുന്നവർക്ക് രാജാവാണെന്ന തോന്നലുണ്ടാവാം. എന്നാൽ രാജാവിനെ ഒരു കാലത്തും തങ്ങൾ പേടിച്ചിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. ജനങ്ങളുടെ പോരാട്ടത്തിലൂടെയാണ് കേരളത്തിലെ രാജവാഴ്ച അവസാനിപ്പിച്ചത്. ബി.ജെ.പിയും കോൺഗ്രസും രാജവാഴ്ചയെ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലക്ഷേത്രത്തിന്റെ നടയടയ്ക്കണമെന്ന് ആവശ്യപ്പെടാൻ പന്തളം രാജകുടുംബത്തിന് അവകാശമുണ്ടെന്ന് രാജകുടുംബാംഗം ശശികുമാര വർമയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാട് വിവാദമായിരുന്നു. പ്രസ്താവനയെ വിമർശിച്ച് മന്ത്രി ജി.സുധാകരനും ദേവസ്വം ബോർഡ് അംഗവും നേരത്തെ രംഗത്തെത്തിയിരുന്നു.