മൂവായിരം പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ ഒരു ആൺകുട്ടി പഠിക്കാനെത്തുന്നതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങൾ ആവിഷ്‌കരിച്ച പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രം ചോക്ലേറ്റിന്റെ അതേ പേരിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രമെത്തുന്നു. ഉണ്ണിമുകുന്ദനാണ് ഈ ചിത്രത്തിലെ നായകൻ. മൂവായിരം പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേക്കെത്തുന്ന ആൺകുട്ടിയുടെ കഥ തന്നെയാണ് പുതിയ ചോക്ലേറ്റും പറയുന്നത്. പക്ഷേ ഉണ്ണിമുകുന്ദന്റെ കഥാപാത്രം കോളേജിലെത്തുന്നത് പഠിക്കാനോ പഠിപ്പിക്കാനോ അല്ല. ഉണ്ണിമുകുന്ദൻ കാമ്പസിലെത്തുന്നതെന്തിനാണ് എന്നതാണ് ചിത്രത്തിന്റെ സസ്‌പെൻസ്.
പരസ്യചിത്ര സംവിധായകനായ ബിനു പീറ്റർ സംവിധാനം ചെയ്യുന്ന ചോക്ലേറ്റിന് രചന നിർവഹിക്കുന്നത് സേതുവാണ്. സച്ചിയോടൊപ്പം പൃഥ്വിരാജിന്റെ ചോക്ലേറ്റിന് രചന നിർവഹിച്ചതും സേതുവായിരുന്നു. ജോഷി സംവിധാനം ചെയ്ത സെവൻസിന് ശേഷം പവിത്രം ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് പവിത്രമാണ് ചോക്ലേറ്റ് നിർമ്മിക്കുന്നത്. പി.കെ. മുരളീധരനും ശാന്താമുരളിയും ചേർന്നാണ് പൃഥ്വിരാജ് ചിത്രം ചോക്ലേറ്റ് നിർമ്മിച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ അവകാശം അവരിൽ നിന്ന് വാങ്ങിക്കഴിഞ്ഞതായി സന്തോഷ് പവിത്രം 'സിറ്റി കൗമുദി'യോട് പറഞ്ഞു.
താരനിർണയം പൂർത്തിയായി. വരുന്ന ജനുവരിയിൽ എറണാകുളത്ത് തുടങ്ങും. കോഴിക്കോടാണ് മറ്റൊരു ലൊക്കേഷൻ. ഗാനങ്ങൾ ഗ്രീസിൽ ചിത്രീകരിക്കാനാണ് തീരുമാനം.