ചലച്ചിത്ര ഗാനങ്ങൾക്ക് ശാസ്ത്രീയ നൃത്തത്തിന്റെ കസവ് ചാർത്തുകയാണ് അഞ്ജലി ഹരി . പാട്ട് ഏതുമാകാം, ആ ചുവടുകൾ പിഴയ്ക്കില്ല,പാട്ട് അവരുടെ കാതിലെത്തിയാൽ മാത്രം മതി, ആരും ഒന്നിരുന്ന് കാണാൻ കൊതിക്കുന്ന നൃത്തശില്പം പിറക്കുമെന്നുറപ്പ്. ഇങ്ങനെ ടീച്ചർ ചിട്ടപ്പെടുത്തിയ നൃത്തങ്ങളിലൊന്ന് ശിഷ്യർ ചിത്രീകരിച്ച് യുട്യൂബിലിട്ടു നോക്കി. ഇതാ ആ ചുവടുകൾ വൈറലായി മാറിയിരിക്കുന്നു.ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഫെലിനിയുടെ ചിത്രം തീവണ്ടിയിലെ സൂപ്പർ ഹിറ്റ് ഗാനം 'ജീവാംശമായി താനേ നീയും " എന്ന പ്രണയം തുളുമ്പുന്ന വരികൾക്ക് ചിലങ്കയാൽ ശബ്ദം നൽകിയാണ് അഞ്ജലി ഹരി ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധേയയായി മാറിയിരിക്കുന്നത്. കോട്ടയം പുതുപ്പള്ളി സ്വദേശിനി അഞ്ജലി ഹരി ഒരുക്കിയ നൃത്തം ലക്ഷക്കണക്കിനാളുകളാണ് ഇതിനകം കണ്ടത്.
ഇപ്രാവശ്യം ക്ലിക്കായി
ഇഷ്ടപ്പെട്ട സിനിമാഗാനങ്ങൾക്ക് ക്ലാസിക്കൽ നൃത്തച്ചുവടുകൾ ഒരുക്കുന്ന പതിവുണ്ട്. അങ്ങനെ ഒരു ദിവസം നൃത്ത ക്ലാസിനിടെയാണ് 'ജീവാംശമായ് താനേ...'എന്ന ഗാനത്തിന് ചുവട് വയ്ച്ചത്. എന്റെ സ്കൂളിന്റെ പേജായ കലാകളരിയിൽ പോസ്റ്റ് ചെയ്ത ആദ്യദിവസം തന്നെ ആ വീഡിയോ കണ്ടത് മൂന്നു ലക്ഷം പേർ! ജനങ്ങൾ ഇങ്ങനെ ഏറ്റെടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. വീഡിയോ ഹിറ്റ്ചാർട്ടിൽ ഇടം നേടിയതോടെ സന്തോഷമായി. തീവണ്ടിയുടെ സംഗീത സംവിധായകനായ കൈലാസ് മേനോൻ നൃത്തം കണ്ടതിന് ശേഷംഎക്സലെന്റ് എന്നാണ് പ്രതികരിച്ചത്. അതുകൂടി കേട്ടപ്പോൾ ഫുൾ ത്രില്ലിലായി ഞാൻ. കൂടുതൽ ഗാനങ്ങൾ ഇത്തരത്തിൽ ചിട്ടപ്പെടുത്തി പോസ്റ്റ് ചെയ്തു കൂടെയെന്നാണ് പലരും ചോദിക്കുന്നത്. പിൻതുണ ലഭിക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നുണ്ട്.
നൃത്തമാണെനിക്കെല്ലാം
തൃശൂർ സ്വദേശി ജയകൃഷ്ണന്റെയും ജ്യോതിയുടെയും മകളായ അഞ്ജലി മൂന്നാം ക്ലാസ് മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. അജ്ഞലിയുടെ അമ്മയുടെ മോഹമായിരുന്നു നർത്തകിയാകണമെന്നത്. എന്നാലത് സാധിച്ചില്ല. കാത്തിരിപ്പിനൊടുവിൽ ആ അമ്മ മകളിലൂടെ തന്റെ മോഹം പൂർത്തീകരിച്ചു.സുരേഖാ ഹരിയെന്ന നൃത്താദ്ധ്യാപികയുടെ ശിക്ഷണത്തിലായിരുന്ന നൃത്തത്തിന്റെ ആദ്യ പാഠങ്ങൾ. വിവേകോദയം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പ്ലസ് ടുവിന് ശേഷം നൃത്ത പഠനത്തിന്റെ നല്ലൊരു ഭാഗവും ചെന്നൈയിലായിരുന്നു. ഇപ്പോൾ ഡോ. പദ്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യ. ഒപ്പം എം.എഫ്.എ ഭരതനാട്യം അവസാന വർഷ വിദ്യാർത്ഥിയുമാണ്.
ഭരതനാട്യവും മോഹനിയാട്ടവും ജീവിത തപസ്യയാക്കിയിരിക്കുന്ന അഞ്ജലിയുടെ ലക്ഷ്യം നൃത്തത്തിൽ ഉയരങ്ങളാണ്. ഒരു റേഡിയോ ചാനലിന്റെ പരിപാടിയിൽ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനത്തിനൊരുക്കിയ അഞ്ജലിയുടെ നൃത്തവും ഇപ്പോൾ വൈറലായിട്ടുണ്ട്. സ്റ്റുഡിയോയിൽ ഇരുന്നുകൊണ്ടായിരുന്നു ആ ഗാനത്തിന് അഞ്ജലി നൃത്തരൂപമൊരുക്കിയത്.നൃത്തം തരംഗമായതോടെ സിനിമയിലേക്ക് ധാരാളം ക്ഷണം ലഭിക്കുന്നുണ്ട്. നർത്തകിയായി കൂടുതൽ വേദികളിൽ നിറയുകയാണ് ലക്ഷ്യം. നല്ല അവസരങ്ങൾ വന്നാൽ സിനിമയിലും ശ്രമിക്കാം എന്നും അഞ്ജലി പറയുന്നു.
ശിഷ്യർ മൂന്ന് മുതൽ 65 വരെ
കോട്ടയം പുതുപ്പള്ളിയിൽ കലാകളരി എന്ന നൃത്തവിദ്യാലയം നടത്തുന്ന അഞ്ജലി കോട്ടയം പള്ളിക്കൂടം സ്കൂളിൽ നൃത്ത അദ്ധ്യാപികയുമാണ്. മൂന്നു വയസുകാരി മുതൽ 65 വയസുവരെയുള്ള നാനൂറിലേറെ കുട്ടികളുടെ ഗുരുവാണ് അഞ്ജലി. മാദ്ധ്യമപ്രവർത്തകൻ ഹരിപ്രസാദാണ് ഭർത്താവ്. തന്റെ കലാജീവിതത്തിന് അദ്ദേഹത്തിൽ നിന്ന് മികച്ച പിന്തുണയും അഞ്ജലിക്ക് ലഭിക്കുന്നുണ്ട്.