നവതി കഴിഞ്ഞെങ്കിലും പ്രൊഫ. എം.കെ. സാനുവിന്റെ ചിന്തകൾക്കും വാക്കുകൾക്കും യുവത്വത്തിന്റെ പ്രസരിപ്പിപ്പുണ്ട്. പ്രായം ഓർമ്മകളെ പിന്നാട്ടുവലിക്കുന്നുവെന്നൊക്കെ ശിഷ്യരുടെയും ആരാധകരുടെയും പ്രിയമാഷ് ഇടയ്ക്ക് ആവർത്തിക്കുന്നൊക്കെയുണ്ടെങ്കിലും അതൊക്കെ മാഷിന്റെ 'കൗശല'മാണെന്നറിയാൻ സംഭാഷണം അൽപ്പം ദീർഘിച്ചാൽ മതി. ഹിമവാന്റെ ഗാംഭീര്യവും പുലരിയുടെ പ്രസരിപ്പും അസ്തമയത്തിന്റെ ശോഭയും അക്ഷരസാനുക്കളുടെ അധിപതിക്ക് എന്നത്തേക്കാളുമേറെ സ്വന്തം.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രൊഫ.എം.കെ. സാനുവിന് ഇന്ന് ഡി.ലിറ്റ് സമർപ്പിക്കുകയാണ്. ആ അംഗീകാരത്തെക്കുറിച്ച് ചോദിക്കുമ്പോഴും സാനുമാഷ് വിനയാന്വിതനാകുന്നു. '' സംസ്കൃത കലാശാലയുടെ സന്മനസിന് സന്തോഷം... നന്ദി...''
ഖസാക്കിന്റെ ഇതിഹാസത്തിൽ രവിയ്ക്ക് അച്ഛൻ അയക്കുന്ന കത്തിൽ പറയുന്നുണ്ട് ''എല്ലാ സായംസന്ധ്യകളും ദു:ഖ''മാണെന്ന്. എന്നെ സംബന്ധിച്ച് ഇപ്പോൾ എല്ലാ പ്രഭാതങ്ങളും ദു:ഖമാണ്. പ്രായാധിക്യം പുലരികളിൽ വേദന പകരുന്നു. ഏതാനും ദിനങ്ങളായി സ്പോൺഡിലൈറ്റിസിന്റെ രൂപത്തിൽ കഴുത്തിനാണ് പ്രതിഷേധം. പക്ഷേ, ഇതൊന്നും സാനുമാസ്റ്ററുടെ പൊതുജീവിതത്തെയും സാഹിത്യജീവിതത്തെയും തെല്ലും ബാധിച്ചിട്ടില്ല.
ഒരു ദിവസം പോലും പരിപാടികളില്ലാത്ത ദിവസമില്ല. ''രാവിലെ മാഷിനെ പിടിച്ചുകൊണ്ടുപോകാൻ ആരെങ്കിലും വരും... ഉച്ചയൂണിന് മടങ്ങിയെത്തിയാലായി. മൊബൈൽ ഫോണുപയോഗിക്കാത്തതിനാൽ ഒരു വിവരവും വരുവോളം കിട്ടുന്ന പതിവില്ല. മാഷിന്റെ പ്രായമെങ്കിലും ഇവർക്ക് ഒന്ന് നോക്കിക്കൂടേ...'' കളിയും കാര്യവുമായി അദ്ദേഹത്തിന്റെ സഹധർമ്മിണി രത്നമ്മ പരിഭവിക്കും. നാലര പതിറ്റാണ്ടായി സാനുമാഷിന്റെ നിഴലാണ് ആ അമ്മ. കാരിക്കാമുറിയിലെ 'സന്ധ്യ'യിലേക്ക് വരുന്ന ഫോൺകോളുകളുടെ അങ്ങേത്തലക്കലുള്ളവരും ചിലപ്പോൾ ഈ പരിഭവം കേട്ടെന്ന് വരും. പക്ഷേ മാഷിന്റെ പ്രസംഗമോ സാന്നിദ്ധ്യമോ ഇല്ലാതെ എറണാകുളം നഗരസന്ധ്യ മായുന്നില്ലെന്നതാണ് സത്യം.
''അക്ഷരങ്ങളും വാക്കുകളുമാണ് എന്നെ മുന്നാട്ടുനയിക്കുന്നത്. സമൂഹത്തിന് നൽകാനായി അത് മാത്രമേ എന്റെ പക്കലുള്ളൂ. വിശ്രമിക്കാനുള്ള ആഗ്രഹവും സമ്മർദവുമൊക്കെയുണ്ടെങ്കിലും അതെനിക്കാവില്ല. എന്നെ കേൾക്കാൻ ആളുള്ളിടത്തോടം, സംസാരിക്കാൻ കഴിയാവുന്ന കാലത്തോളം ഞാനും അവർക്കിടയിലുണ്ടാകും'' സൗമ്യമധുരമായി സാനുമാഷ് പറയുന്നു. ഈ തിരക്കുകളും പ്രായവുമൊന്നും അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ സ്പർശിച്ചിട്ടേയില്ല. അടുത്തിടെ രണ്ട് ഗ്രന്ഥങ്ങളാണ് പ്രസിദ്ധീകരിച്ചത്. അടുത്തവർഷം വേറെ രണ്ടെണ്ണം കൂടി അനുവാചകർക്കായി ഒരുങ്ങുന്നു.
ഇക്കൊല്ലം ഇറങ്ങിയ 'കുമാരനാശാന്റെ ലീല : ഒരു സ്വപ്നാടന കാവ്യം', ദുരന്തനാടകങ്ങൾ: അജയ്യതയുടെ അമരസംഗീതം' എന്നിവയ്ക്ക് പതിവുപോലെ വായനക്കാരുടെ പിന്തുണയുണ്ട്.
'ദുരന്തനാടകം' അഞ്ചാം നൂറ്റാണ്ടിലെ ഗ്രീക്ക് നാടകം പ്രോമിത്യൂസ് മുതൽ ശാകുന്തളവും ബ്രെഹ്റ്റിന്റെ മദർ കറേജ് വരെയുമുള്ള ആറ് നാടകങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ്. ചെറുപ്പംമുതലേയുള്ള തന്റെ ആസ്വാദനത്തിന്റെയും പഠനത്തിന്റെയും സാരമാണ് അതീവസങ്കീർണമായ ഈ രചനകളെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആശാന്റെ പുസ്തകത്തിന് രണ്ട് ഭാഗമുണ്ട്. മൃത്യുഞ്ജയം കാവ്യജീവിതവും പിന്നെ അശാന്തിയിൽ നിന്ന് ശാന്തിയിലേക്കും. ആദ്യത്തേത് ജീവചരിത്രവും. രണ്ടാമത് കവിതാപഠനവും. എല്ലാ മൃത്യുവും ശാന്തിയാണെന്ന കവിതാസങ്കല്പത്തിലൂന്നിയാണ് രചന. കർമ്മഗതിയെന്ന ആത്മകഥയ്ക്ക് പിന്നാലെ അതിന് അനുബന്ധമായി ഒരു ഗ്രന്ഥത്തിന്റെ കൂടി പണിപ്പുരയിലാണ്പ്രൊഫ.എം.കെ.സാനു. ദയാവധമുൾപ്പടെ പരാമാർശിക്കുന്നുണ്ട് ഇനിയും പേര് തീർച്ചപ്പെടുത്തിയിട്ടില്ലാത്ത പുസ്തകത്തിൽ.
കേശവദേവിന്റെ ജീവചരിത്രമാണ് മറ്റൊന്ന്. ആരാണ് തെണ്ടി, ആരാണ് തൊഴിലാളി എന്ന് കാണിച്ചുതന്ന പ്രോലിറ്റേറിയൻ സാഹിത്യകാരനാണ് കേശവദേവ്. ഓടയിൽ നിന്ന് മനുഷ്യരെ കണ്ടെത്തിയ എഴുത്തുകാരൻ. ജീവിതത്തിന്റെ ഇരുണ്ട മേഖലകളിൽ കഴിഞ്ഞുകൂടിയിരുന്നവരെ കഥയിലൂടെ പ്രത്യക്ഷപ്പെടുത്തി ലോകത്തിന് മുമ്പാകെയെത്തിച്ചു. അടുത്തവർഷം ആദ്യം തന്നെ രണ്ടും പ്രതീക്ഷിക്കാം.