നിലപാടുള്ളവർ പൊതുസമൂഹത്തിന് എല്ലായ്പ്പോഴും ദഹനക്കേടാണ്. ശക്തമായ നിലപാടുമായി സ്ത്രീകൾ മുന്നോട്ടു വന്നാൽ പറയേണ്ട പൊടിപൂരം. സംവരണത്തിന്റെ ശതമാനക്കണക്കുകൾ കൂടിവരുമ്പോഴും സ്ത്രീകൾക്കായി വഴിമാറാൻ പൊതുവേ ബുദ്ധിമുട്ടുള്ളവരാണ് പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളികൾ. രാഷ്ട്രീയപാർട്ടികളുടെ നേതൃസ്ഥാനങ്ങളിൽ സ്ത്രീകൾ വിരളമാകാൻ ഇതുതന്നെയാണ് പ്രധാന കാരണം. എന്നാൽ ഈ നിലപാടുകളോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് ഇടത് വിദ്യാർത്ഥി പ്രസ്ഥാനമാണ്. കേരള സർവകലാശാല തിരഞ്ഞെടുപ്പിലും അവർ നിലപാട് മാറ്റിയില്ല. പറയുന്നത് ശ്യാമിലി ശശികുമാർ. ബിരുദ വിദ്യാർത്ഥിയായ ശ്യാമിലിയെ കേരള സർവകലാശാലയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഉയർത്തി വ്യക്തിത്വവും നിലപാടുമാണ് നേതൃത്വത്തിന് അടിസ്ഥാന യോഗ്യതയെന്ന് തെളിയിച്ചിരിക്കുകയാണ് എസ്.എഫ്.ഐ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അവസാന വർഷ ബി.എ.പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് ഈ ഇരുപതുകാരി കൊച്ചുമിടുക്കി. ആലപ്പുഴ ചെന്നിത്തല ചെറുമുട്ടുത്ത് വീട്ടിൽ ആർ.എസ്.പി (ഇടത്) സംസ്ഥാന അസി.സെക്രട്ടറി ആർ.ശശികുമാറിന്റെയും വീട്ടമ്മയായ പ്രസന്നയുടെയും രണ്ടാമത്തെ മകളാണ്. മാവേലിക്കര സർക്കാർ ഗേൾസ് സ്കൂളിലും മാന്നാർ നായർ സമാജം സ്കൂളിലുമായിരുന്നു സ്കൂൾ കാലം. എട്ടാം ക്ലാസ് മുതൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
കൈയാങ്കളിയും വാഗ്വാദങ്ങളുമുള്ള കലാലയ രാഷ്ട്രീയത്തിന്റെ ഭാഗമാകാനല്ല കാമ്പസുകൾക്ക് പുറത്ത് നടക്കുന്ന പ്രശ്നങ്ങളിലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ നിലപാടുള്ള വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകാനാണ് ശ്യാമിലിയുടെ തീരുമാനം. ശബരിമല പ്രശ്നത്തിലടക്കം സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കുമെന്ന് ശ്യാമിലി പറയുന്നു.
രാത്രിയിൽ ആരേയും പേടിക്കാതെ പെൺകുട്ടികൾക്ക് സ്വതന്ത്രമായി റോഡിലിറങ്ങി നടക്കുന്നതിനായി 'രാത്രി നമ്മുടേത് " എന്ന ബോധവത്കരണ ക്യാംപെയ്ൻ അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ താൻ ഒപ്പമുണ്ടെന്നും ശ്യാമിലി പറയുന്നു. അഭിഭാഷകൻ ശ്യാമാണ് ശ്യാമിലിയുടെ ഏക സഹോദരൻ. അഭിഭാഷകവൃത്തി തന്നെയാണ് ശ്യാമിലിയുടേയും ലക്ഷ്യം.